Football in Malayalam

ബയേണിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം ഫൈനലെന്നു മെംഫിസ് ഡീപേയ്, അൻസു ഫാറ്റി കളിക്കില്ല

Sreejith N
Villarreal CF v FC Barcelona - La Liga Santander
Villarreal CF v FC Barcelona - La Liga Santander / Aitor Alcalde/GettyImages
facebooktwitterreddit

ബയേണിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരം ബാഴ്‌സലോണയെ സംബന്ധിച്ച് അവസാന അവസരവും ഫൈനലുമാണെന്ന് ടീമിന്റെ മുന്നേറ്റനിര താരമായ മെംഫിസ് ഡീപേയ്. ഗ്രൂപ്പ് ഘട്ടത്തിൽ നടക്കുന്ന അവസാന മത്സരത്തിൽ തോൽവി വഴങ്ങിയാൽ യൂറോപ്പ ലീഗ് കളിക്കേണ്ടി വരുമെന്ന സാഹചര്യത്തിൽ ബയേണിനെ നേരിടാനിരിക്കെയാണ് മെംഫിസ് വിജയത്തിനായി പൊരുതാൻ ടീമിനോട് ആവശ്യപ്പെട്ടത്.

"നോക്ക്ഔട്ടിലേക്ക് മുന്നേറാൻ ഇതു ഞങ്ങൾക്കുള്ള അവസാനത്തെ അവസരമാണ്. ഇതൊരു ഫൈനൽ പോലെയാണ്. ഞങ്ങളുടെ എല്ലാം നൽകാനും ആഗ്രഹിച്ച ഫലം ലഭിക്കാനും ഓരോരുത്തരും തയ്യാറെടുക്കണം." മത്സരത്തിനു മുന്നോടിയായി ബാഴ്‌സലോണ വെബ്‌സൈറ്റിനോട് സംസാരിക്കേ മെംഫിസ് പറഞ്ഞു.

ഈ സീസണിൽ ഒരു ചാമ്പ്യൻസ് ലീഗ് ഗോൾ പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത മെംഫിസ് കുറച്ചു മത്സരങ്ങളായി ഗോൾമുഖത്ത് പതറുന്നത് ടീമിന്റെ ഫോമിനെ ബാധിച്ചിട്ടുണ്ട്. ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാത്തതു മൂലം അൻസു ഫാറ്റി മത്സരത്തിൽ കളിക്കാനിറങ്ങില്ല എന്നതിനാൽ ഗോൾ നേടാൻ കഴിയുന്ന ഒരു താരത്തിന്റെ അഭാവം ബാഴ്‌സയെ ബാധിക്കാനിടയുമുണ്ട്.

അവസാന ഗ്രൂപ്പ് മത്സരത്തിൽ ബാഴ്‌സ തോൽക്കുകയും ഡൈനാമോ കീവിനെതിരെ ബെൻഫിക്ക ജയിക്കുകയും ചെയ്‌താൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താണ്. ബാഴ്‌സ സമനില നേടുകയും ബെൻഫിക്ക വിജയിക്കുകയും ചെയ്‌താൽ ഗോൾ വ്യത്യാസമാണ് രണ്ടാം സ്ഥാനക്കാരെ തീരുമാനിക്കുക. ബെൻഫിക്കയുടെ മത്സരം സമനിലയിലാവുകയോ പോർച്ചുഗീസ് ക്ലബ് തോൽക്കുകയോ ചെയ്‌താൽ ബാഴ്‌സക്ക് ബയേണിനെതിരെ വിജയിക്കാതെ തന്നെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും.

എന്നാൽ ബാഴ്‌സലോണയെ സംബന്ധിച്ച് കരുത്തരായ ബയേൺ മ്യൂണിക്കിനെതിരെ നടക്കുന്ന മത്സരത്തിൽ വിജയിക്കാൻ കഴിയുമെന്ന യാതൊരു പ്രതീക്ഷയും ഇല്ലെന്നതാണ് സത്യം. റയൽ ബെറ്റിസിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ തോൽവി നേരിട്ട് ബാഴ്‌സ ചാമ്പ്യൻസ് ലീഗിനെത്തുമ്പോൾ ജർമൻ ലീഗിൽ ബൊറൂസിയ ഡോർട്മുണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കിയാണ് ബയേൺ ഇറങ്ങുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളംഎന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit