'സാവിയുമായി ഇതേക്കുറിച്ച് സംസാരിക്കണം' - ബാഴ്സലോണ സമനില വഴങ്ങിയതിൽ കടുത്ത നിരാശയുണ്ടെന്ന് മെംഫിസ് ഡീപേയ്


സെൽറ്റ വിഗോക്കെതിരെ ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ മൂന്നു ഗോളിനു മുന്നിൽ നിന്നതിനു ശേഷം ബാഴ്സലോണ സമനില വഴങ്ങിയതിലുള്ള നിരാശ പ്രകടിപ്പിച്ച് മുന്നേറ്റനിര താരം മെംഫിസ് ഡീപേയ്. അൻസു ഫാറ്റി, സെർജിയോ ബുസ്ക്വറ്റ്സ്, ഡീപേയ് എന്നിവർ നേടിയ ഗോളുകളിൽ ആദ്യപകുതിയിൽ മുന്നിലെത്തിയതിനു ശേഷമാണ് ബാഴ്സ മൂന്നു ഗോൾ വഴങ്ങി നിരാശപ്പെടുത്തുന്ന സമനിലയിലേക്ക് വീണത്.
അതേസമയം പുതിയ പരിശീലകനായ സാവി ടീമിന്റെ ചുമതല ഏറ്റെടുക്കുന്നതിൽ വലിയ പ്രതീക്ഷയാണ് മെംഫിസിനുള്ളത്. നിലവിൽ ടീമിലുള്ള മോശം സാഹചര്യങ്ങളെപ്പറ്റി സാവിയോട് സംസാരിക്കണമെന്നും അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് പുതിയ ഊർജ്ജം നൽകുമെന്ന പ്രതീക്ഷയുണ്ടെന്നും ലിയോണിൽ നിന്നും ഈ സമ്മർ ജാലകത്തിൽ ബാഴ്സയിലെത്തിയ ഡച്ച് താരം പറഞ്ഞു.
"ഇതു വിശദീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്, ഞാൻ വളരെ ദേഷ്യത്തിലും നിരാശയിലുമാണ്. ആദ്യപകുതിയിൽ ഞങ്ങൾ നല്ലൊരു ഫലത്തിനായി പോരാടുകയും മികച്ചൊരു മത്സരം കളിക്കുകയും മൂന്നു ഗോളിന് മുന്നിലെത്തുകയും ചെയ്തു. അവർ തന്ത്രങ്ങൾ മാറ്റിയിരിക്കാം, ഞങ്ങൾ ഒട്ടും പ്രസ് ചെയ്തുമില്ല. മത്സരത്തിന്റെ നിയന്ത്രണം തന്നെ ഞങ്ങളിൽ നിന്നും രണ്ടാം പകുതിയിൽ കൈവിട്ടു പോയി," മെംഫിസ് ബാഴ്സലോണ ടിവിയോട് പറഞ്ഞു.
"സാവിക്ക് ടോപ് ഫുട്ബോളിൽ വളരെ പരിചയസമ്പത്തുള്ളത് അദ്ദേഹം ടീമിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് അദ്ദേഹവുമായി കാര്യങ്ങൾ സംസാരിക്കണം. സാവിയെ എനിക്ക് വ്യക്തിപരമായി അറിയില്ല, ഒരു ഫുട്ബോൾ താരമെന്ന നിലയിലാണ് അറിയുക. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കയാണ്, ഞങ്ങളെ ഉയർത്തിയെടുക്കാൻ സാവിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു," ഡീപേയ് പറഞ്ഞു.
ബാഴ്സലോണയിൽ എത്തിയ സാവി കഴിഞ്ഞ ദിവസം നടന്ന ബാഴ്സലോണ ബി ടീമിന്റെ മത്സരത്തിന് എത്തിയിരുന്നു. നാല്പത്തിയൊന്നുകാരനായ സ്പാനിഷ് ഇതിഹാസത്തെ തിങ്കളാഴ്ച കാണികൾക്കു മുന്നിൽ ഔദ്യോഗികമായി അവതരിപ്പിക്കും.