Football in Malayalam

'എനിക്കൊരു ഹലോ പോലും പറയാൻ കഴിഞ്ഞില്ല' - മെസി ബാഴ്‌സ വിട്ടതിലെ നിരാശ വെളിപ്പെടുത്തി മെംഫിസ് ഡീപേ

Sreejith N
FC Barcelona v Real Sociedad - La Liga Santander
FC Barcelona v Real Sociedad - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

താൻ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ സമയത്തു തന്നെ ലയണൽ മെസി ക്ലബ് വിട്ടതിലുള്ള നിരാശ വെളിപ്പെടുത്തി നെതർലാൻഡ്‌സ് മുന്നേറ്റനിര താരമായ മെംഫിസ് ഡീപേ. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫ്രീ ട്രാൻസ്‌ഫറിൽ ലിയോണിൽ നിന്നുമെത്തിയ ഡീപേ, മെസിയോടൊപ്പം കളിക്കാനുള്ള ആഗ്രഹം നിരവധി തവണ വെളിപ്പെടുത്തിയതാണ്.

എന്നാൽ ബാഴ്‌സ കരാർ പുതുക്കാൻ കഴിയില്ലെന്നു വന്നതോടെ പിഎസ്‌ജിയിലേക്ക് മെസി ചേക്കേറിയപ്പോൾ ഒപ്പം മെംഫിസിന്റെ മോഹം കൂടിയാണ് ഇല്ലാതായത്. കഴിഞ്ഞ ദിവസം എൽ പിരിയോഡിക്കോയോട് സംസാരിക്കുമ്പോൾ മെസിയെ ഒന്നു പരിചയപ്പെടാൻ പോലും കഴിയാത്തതിന്റെ നിരാശ ഹോളണ്ട് താരം വെളിപ്പെടുത്തുകയും ചെയ്‌തു.

"എനിക്ക് മെസിയെ പരിചയപ്പെടാനുള്ള അവസരം പോലും ലഭിച്ചില്ല. കോപ്പ അമേരിക്കക്കു ശേഷമുള്ള ഇടവേള കഴിഞ്ഞ് പ്രീ സീസണ് വൈകിയാണ് മെസി എത്തിയത്. താരത്തോട് ഒരു ഹലോ പറയാൻ പോലും എനിക്കായില്ല," ഡീപേ പറഞ്ഞു.

അതേസമയം ബാഴ്‌സലോണ പരിശീലകൻ കൂമാൻ തന്നിൽ നിന്നും എന്താണു പ്രതീക്ഷിക്കുന്നതെന്ന് അറിയാമെന്നും മെംഫിസ് പറഞ്ഞു. "കൂമാൻ എന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയാം. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കും വ്യക്തമാണ്, ഞങ്ങൾ തമ്മിലൊരു കെമിസ്ട്രിയുണ്ട്, അതു വളരെ പ്രധാനമാണ്," മെംഫിസ് വ്യക്തമാക്കി.

നെതർലാൻഡ്‌സ് ടീമിനൊപ്പം നേരത്തെയുണ്ടായിരുന്ന കൂമാനും ദേശീയ ടീം സഹതാരമായ ഡി ജോങ്ങിനുമൊപ്പം പിക്വ, ജോർദി ആൽബ, സെർജിനോ ഡെസ്റ്റ് എന്നിവരാണ് ടീമിനൊപ്പം വേഗത്തിൽ ഇണങ്ങിച്ചേരാൻ തന്നെ സഹായിച്ചതെന്നും മെംഫിസ് പറഞ്ഞു. ബാഴ്‌സലോണക്ക് വേണ്ടി കഴിവിന്റെ പരമാവധി നൽകാൻ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit