ഡെംബലെക്ക് അന്ത്യശാസനം, കരാർ പുതുക്കിയില്ലെങ്കിൽ ബാഴ്‌സലോണ ജേഴ്‌സിയിൽ കളിക്കാനാവില്ല

Linares Deportivo v FC Barcelona - Copa Del Rey
Linares Deportivo v FC Barcelona - Copa Del Rey / Quality Sport Images/GettyImages
facebooktwitterreddit

ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന ഒസ്മാനെ ഡെംബലെക്ക് ബാഴ്‌സലോണ അന്ത്യശാസനം നൽകിയെന്നു റിപ്പോർട്ടുകൾ. സ്‌പാനിഷ്‌ മാധ്യമമായ മാർക്ക പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം ഡെംബലെ കരാർ പുതുക്കാൻ തയ്യാറായില്ലെങ്കിൽ ഇനി ക്ലബിനു വേണ്ടി കളിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടാണ് ബാഴ്‌സലോണ നേതൃത്വം എടുത്തിരിക്കുന്നത്.

നെയ്‌മർ ബാഴ്‌സലോണ വിട്ടതിനു പിന്നാലെ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ക്ലബിലെത്തിയ ഡെംബലെ വളരെ പ്രതിഭയുള്ള കളിക്കാരനാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെങ്കിലും നിരന്തരമായ പരിക്കുകൾ മൂലം താരത്തിന് അതു പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ബാഴ്‌സലോണക്കു വേണ്ടി വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും താരത്തിന്റെ പ്രതിഭ അറിയാവുന്ന ക്ലബ് നേതൃത്വം ഇതുവരെ താരത്തെ വിൽക്കാനും തയ്യാറായില്ല.

സാവി പരിശീലകനായി എത്തിയതിനു പിന്നാലെ ഡെംബലെ തന്റെ പദ്ധതികളിൽ പ്രധാനിയാണെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സീസണോടെ അവസാനിക്കുന്ന തന്റെ കരാർ പുതുക്കാൻ താരം തയ്യാറാകുന്നില്ലെന്നു മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ക്ലബ്ബിനോട് കരാർ പുതുക്കാൻ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് താരത്തിന് ബാഴ്‌സലോണ അന്ത്യശാസനം നൽകിയത്.

ഫെറൻ ടോറസിനെ ബാഴ്‌സലോണ സ്വന്തമാക്കിയതാണ് കരാർ പുതുക്കുന്നതിൽ ബാഴ്‌സലോണ പുതിയ ഉപാധികൾ വെക്കാൻ കാരണം. 55 മില്യൺ നൽകി ടോറസിനെ ടീമിലെത്തിച്ച ബാഴ്‌സക്ക് തന്റെ പ്രതിഫലം കൂട്ടി നൽകാൻ കഴിയുമെന്നാണ് ഡെംബലെ കരുതുന്നത്. ഇതിനു പുറമെ ടോറസിന്റെ വരവോടെ ടീമിൽ തനിക്ക് ലഭിക്കുന്ന പരിഗണന കുറയുമെന്നും താരം കരുതുന്നു. അതേസമയം ഡെംബലെക്ക് മുന്നിൽ ഇനിയും താണു നിൽക്കാൻ ബാഴ്‌സലോണ തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കരാർ പുതുക്കിയില്ലെങ്കിൽ ഡെംബലെയെ സംബന്ധിച്ച് അത് ഗുണം തന്നെയാണ്. യൂറോപ്പിലെ നിരവധി ക്ലബുകൾ സ്വന്തം നിരയിലെത്തിക്കാൻ ആഗ്രഹിക്കുന്ന താരം ഫ്രീ ട്രാൻസ്‌ഫറിലാണ് ചേക്കേറുന്നതെങ്കിൽ വലിയൊരു തുക സൈനിങ്‌ ബോണസായി ലഭിക്കും. അതേസമയം വൻതുക മുടക്കി ടീമിലെത്തിച്ച താരത്തെക്കൊണ്ട് യാതൊരു നേട്ടവും ബാഴ്‌സലോണക്ക് ഉണ്ടായില്ലെന്നത് കാറ്റലൻ ക്ലബിനു തിരിച്ചടിയാണ്.

ഡെംബലെ ക്ലബ് വിട്ടാലും നിലവിലെ സാഹചര്യത്തിൽ ബാഴ്‌സലോണയിൽ വലിയൊരു പ്രതിസന്ധിയുണ്ടാകാൻ സാധ്യത കുറവാണ്. മെംഫിസ് ഡീപേയ്, അൻസു ഫാറ്റി, മാർട്ടിൻ ബ്രൈത്ത്വൈറ്റ് എന്നിവരെല്ലാം പരിക്കു മാറി തിരിച്ചെത്തിയതാണ് ബാഴ്‌സക്ക് ആശ്വാസമാകുന്നത്. ഡെംബലെ ജനുവരിയിൽ തന്നെ ക്ലബ് വിട്ടാൽ അത് ഫെറൻ ടോറസിന്റെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാനും ബാഴ്‌സലോണയെ സഹായിക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.