കരാർ പുതുക്കാൻ ബാഴ്‌സലോണക്കു മുന്നിൽ ഉപാധി വെച്ച് ഒസ്മാനെ ഡെംബലെ

Sreejith N
Sevilla v FC Barcelona - La Liga Santander
Sevilla v FC Barcelona - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

ബാഴ്‌സലോണയെ സംബന്ധിച്ച് വലിയൊരു ആശങ്കയാണ് ഫ്രഞ്ച് മുന്നേറ്റനിര താരമായ ഒസ്മാനെ ഡെംബലെയുടെ കരാർ പുതുക്കൽ. ഈ സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന താരം ഇതുവരെയും അതു പുതുക്കാൻ തയ്യാറായിട്ടില്ലെന്നിരിക്കെ നിലവിൽ സ്പെയിനിനു പുറത്തുള്ള ഏതു ക്ലബുമായും പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാൻ താരത്തിനു കഴിയും. കരാർ പുതുക്കാനുള്ള ഓഫർ ബാഴ്‌സലോണ മുന്നോട്ടു വെച്ചെങ്കിലും താരം അതിനോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്.

സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ട് ഏറ്റവും പുതിയതായി പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം ഡെംബലെ കരാർ പുതുക്കണമെങ്കിൽ ബാഴ്‌സലോണ പുതിയൊരു ഓഫർ മുന്നോട്ടു വെക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രതിനിധികൾ ആവശ്യപ്പെടുന്നത്. നിലവിൽ നൽകിയതിനെക്കാൾ മെച്ചപ്പെട്ട ഓഫറായിരിക്കണമതെന്നും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഫെറൻ ടോറസിനെ സ്വന്തമാക്കാൻ നടത്തിയ പരിശ്രമം ഡെംബലെയുടെ കരാർ പുതുക്കുന്ന കാര്യത്തിലും ഉണ്ടാകണമെന്നും അവർ വ്യക്തമാക്കുന്നു.

ഫെറൻ ടോറസിനെ സ്വന്തമാക്കുന്നതിനു മുൻപ് ഡെംബലെ ബാഴ്‌സലോണയുമായി കരാർ പുതുക്കുന്നതിനു വേണ്ടി സമ്മതം മൂളിയതായിരുന്നു. എന്നാൽ റൈറ്റ് വിങ്ങിൽ തന്നെ കളിക്കാൻ ഇഷ്‌ടപ്പെടുന്ന സ്‌പാനിഷ് മുന്നേറ്റനിര താരമായ ടോറസിന്റെ വരവോടെ ബാഴ്‌സലോണയിൽ തനിക്ക് ലഭിക്കുന്ന പരിഗണന കുറയുമെന്നാണ് ഡെംബലെ കരുതുന്നത്. ഇക്കാരണം കൊണ്ടു തന്നെയാണ് താരം പുതുക്കിയ ഓഫർ ആവശ്യപ്പെടുന്നതും.

അതേസമയം ഡെംബലെയുടെ പ്രതിനിധികളിൽ നിന്നും കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രതികരണം ലഭിക്കുന്നതിനു വേണ്ടി കാത്തിരിക്കുകയാണെന്നാണ് ബാഴ്‌സലോണ സ്പോർട്ടിങ് ഡയറക്റ്റർ മാത്യു അലെമാനി വ്യക്തമാക്കിയത്. എന്നാൽ ഈ സീസൺ അവസാനിക്കുന്നതു വരെ സമയം ഉണ്ടെന്നതിനാൽ കരാറുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ ധൃതി പിടിച്ച് എടുക്കേണ്ടതില്ലെന്ന് താരത്തിന്റെ പ്രതിനിധികൾ കരുതുന്നു.

ബാഴ്‌സലോണയെ സംബന്ധിച്ച് വളരെ പെട്ടന്നു തന്നെ ഡെംബലെ ഒരു തീരുമാനം അറിയിക്കേണ്ടത് അത്യാവശ്യമാണ്. കരാർ പുതുക്കുന്നില്ല എന്നാണെങ്കിൽ ഈ ജനുവരിയിൽ തന്നെ താരത്തെ വിറ്റ് കിട്ടാവുന്ന തുക സ്വരൂപിക്കാനാവും അവരുടെ ലക്ഷ്യം. എന്നാൽ പരിശീലകനായ സാവി താരം ക്ലബിനൊപ്പം തുടരുമെന്ന കാര്യത്തിൽ ഇപ്പോഴും പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit