ബാഴ്‌സലോണ സ്‌ക്വാഡിൽ നിന്നും ഡെംബലെ പുറത്ത്, താരം ഉടനെ ക്ലബ് വിടണമെന്ന് ബാഴ്‌സ സ്പോർട്ടിങ് ഡയറക്ടർ

Granada CF v FC Barcelona - La Liga Santander
Granada CF v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ ഡെംബലെയുടെ നാളുകൾ എണ്ണപ്പെട്ടുവെന്നു വ്യക്തമാക്കി കോപ്പ ഡെൽ റേ പ്രീ ക്വാർട്ടറിൽ അത്‌ലറ്റിക് ബിൽബാവോയെ നേരിടാനുള്ള സ്‌ക്വാഡിൽ നിന്നും ഫ്രഞ്ച് താരം പുറത്ത്. ബാഴ്‌സലോണയുമായി പുതിയ കരാർ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ താരം ക്ലബ് വിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം പരിശീലകനായ സാവി വ്യക്തമാക്കിയതിനു പിന്നാലെയാണ് താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയത്.

ഈ സീസണിൽ കോൺട്രാക്‌ട് അവസാനിക്കാനിരിക്കെ ഇതുവരെയും അതു പുതുക്കാൻ തയ്യാറാവാത്ത ഫ്രഞ്ച് താരം പുതിയ കരാർ ഒപ്പിടാൻ വമ്പിച്ച പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ബാഴ്‌സക്ക് ഒസ്മാനെ ഡെംബലെയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയതിനാൽ ഫ്രീ ട്രാൻസ്‌ഫറിൽ ക്ലബ് വിടാനാണ് ഫ്രഞ്ച് താരം ഒരുങ്ങുന്നത്.

ഡെംബലെ കരാർ പുതുക്കില്ലെന്ന് ഉറപ്പായതിനാൽ താരത്തെ ജനുവരിയിൽ തന്നെ വിൽക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നുണ്ട്. എന്നാൽ സൈനിങ്‌ ബോണസ് ലഭിക്കുന്നതിനായി ഫ്രീ ഏജന്റാവാൻ വേണ്ടി കരാർ അവസാനിക്കുന്നതു വരെ ക്ലബിൽ തന്നെ തുടരാൻ ഡെംബലെ ശ്രമിക്കുന്നതിനാലാണ് താരത്തെ ടീമിൽ നിന്നും ബാഴ്‌സ ഒഴിവാക്കുന്നത്. ഇതിനു പുറമെ ബാഴ്‌സ സ്പോർട്ടിങ് ഡയറക്ടറായ മാത്യു അലെമണി താരത്തോട് ക്ലബ് വിടണമെന്ന് വ്യക്തമാക്കുകയും ചെയ്‌തു.

"ഡെംബലെയുടെ തീരുമാനം ഇവിടെ തുടരുന്നില്ലെന്നാണ് ഞങ്ങൾ മനസിലാക്കുന്നു. അതിനാൽ താരത്തോട് ക്ലബ് വിടാൻ ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ക്ലബിനോട് ആത്മാർത്ഥതയുള്ള താരങ്ങളെയാണ് ഞങ്ങൾക്ക് വേണ്ടത്, അതിനാൽ തന്നെ എത്രയും വേഗം ഇവിടം വിടണമെന്ന് താരത്തോട് ഞങ്ങൾ പറഞ്ഞു." പത്രസമ്മേളനത്തിൽ അലെമണി പറഞ്ഞു.

2017ൽ നെയ്‌മർ ബാഴ്‌സലോണ വിട്ടതിനു ശേഷം ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും റെക്കോർഡ് തുക നൽകി സ്വന്തമാക്കിയ ഡെംബലെക്കു പക്ഷെ നിരന്തരമായ പരിക്കുകൾ മൂലം ക്ലബിനൊപ്പം വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞിട്ടുളളൂ. ടീമിൽ നിന്നും ഒഴിവാക്കുന്ന സാഹചര്യത്തിൽ താരം ജനുവരിയിൽ തന്നെ ക്ലബ് വിടുമോയെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.