ഡെംബലെയുടെ കരാർ പുതുക്കൽ ചർച്ചകൾ അവതാളത്തിൽ, താരം ബാഴ്‌സലോണ വിടാൻ സാധ്യത

Sevilla FC v FC Barcelona - La Liga Santander
Sevilla FC v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ഫ്രഞ്ച് മുന്നേറ്റനിര താരമായ ഒസ്മാനെ ഡെംബലെയുടെ കരാർ പുതുക്കാൻ വേണ്ടി ബാഴ്‌സലോണ നടത്തുന്ന ചർച്ചകൾ പരാജയപ്പെടുന്നതായി സൂചനകൾ. പ്രമുഖ കായികമാധ്യമമായ ഗോളിന്റെ സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പ്രകാരം കരാർ പുതുക്കാനുള്ള ചർച്ചകൾ വിജയം കാണാതെ വന്നതോടെ ജനുവരിയിലോ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലോ താരം ക്ലബ് വിടാനുള്ള സാധ്യതയേറി.

ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന ഡെംബലെക്ക് പുതിയ കരാർ നൽകാൻ വേണ്ടി ബാഴ്‌സലോണ കുറെ നാളുകളായി ചർച്ചകൾ നടത്തി വരികയായിരുന്നു. എന്നാൽ താരത്തിന്റെ വേതനവും കരാർ പുതുക്കുന്നതിനുള്ള ഫീസും ഏജന്റ് ഫീസും അടക്കമുള്ള കാര്യങ്ങളിൽ ഇതുവരെയും ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല.

സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാഴ്‌സലോണ വേതനം കുറക്കാൻ താരത്തോട് ആവശ്യപ്പെടുമ്പോൾ പ്രതിഫലം വർധിപ്പിക്കാനാണ് ഫ്രഞ്ച് താരത്തിന്റെ പ്രതിനിധികൾ ആവശ്യപ്പെടുന്നത്. ജനുവരി ഒന്നു മുതൽ ഏതു ക്ലബുമായും ചർച്ചകൾ നടത്തി പ്രീ കോൺട്രാക്ട് ഒപ്പിടാൻ താരത്തിന് കഴിയുമെന്നത് ബാഴ്‌സലോണക്ക് വലിയ വെല്ലുവിളിയാണ്.

ഡോർട്മുണ്ടിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയതിനു ശേഷം നിരന്തരമായ പരിക്കു മൂലം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും 24 വയസു മാത്രം പ്രായമുള്ള താരത്തിൽ പ്രതിഭ ധാരാളമുണ്ടെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. സാവിക്കു കീഴിൽ കഴിഞ്ഞ മത്സരങ്ങളിൽ താരം നടത്തിയ പ്രകടനം അതു തെളിയിക്കുകയും ചെയ്യുന്നു.

സാവി പരിശീലകനായി എത്തിയതിനു ശേഷം തന്റെ ടീമിലെ പ്രധാന താരമായി ഡെംബലെയെ ആവശ്യമുണ്ടെന്നു വ്യക്തമാക്കിയിരുന്നു. താരത്തെ നിലനിർത്താൻ വേണ്ടി സാവി പരമാവധി ശ്രമം നടത്തിക്കൊണ്ടിരിക്കെ ഡെംബലെ ഇപ്പോഴെടുത്ത തീരുമാനം മാറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.