ബാഴ്സലോണ വിളിച്ചാൽ കരാർ ചർച്ചകൾക്കു തയ്യാറായി ഡെംബലെയുടെ ഏജന്റ്, താരം ക്ലബിനൊപ്പം തുടരാനുള്ള സാധ്യതയേറുന്നു


സാവി പരിശീലകനായി എത്തിയതിനു ശേഷം തകർപ്പൻ പ്രകടനം നടത്തുന്ന ഫ്രഞ്ച് മുന്നേറ്റനിരതാരം ഒസ്മാനെ ഡെംബലെ ബാഴ്സലോണ കരാർ പുതുക്കാനുള്ള സാധ്യതയേറുന്നു. കഴിഞ്ഞ ദിവസം ഡെംബലെയുമായി കരാർ പുതുക്കാൻ താൽപര്യമുണ്ടെന്ന ക്ലബ് വൈസ് പ്രസിഡന്റ് റാഫ യുസ്തേയുടെ വാക്കുകളോട് അനുകൂലമായ പ്രതികരണമാണ് ഡെംബലെയുടെ ഏജന്റ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഈ സീസണോടെ അവസാനിക്കുന്ന ഡെംബലെയുടെ കരാർ പുതുക്കാൻ ബാഴ്സലോണ നേരത്തെ ശ്രമിച്ചെങ്കിലും താരം അതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്. ഇതേതുടർന്ന് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഡെംബലെയോട് ക്ലബ് വിടാൻ ബാഴ്സലോണ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ നിന്ന താരം ഇപ്പോൾ മികച്ച പ്രകടനമാണ് ടീമിനൊപ്പം നടത്തുന്നത്.
Dembele's agents say they would meet Barça https://t.co/YhcM1dOOv7
— SPORT English (@Sport_EN) March 22, 2022
തുടർച്ചയായ മത്സരങ്ങളിൽ തിളങ്ങിയ ഡെംബലെയുടെ കരാർ ചർച്ചകൾ നിർത്തി വെച്ചിടത്തു നിന്നും വീണ്ടും ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് റാഫ യുസ്തേ പറഞ്ഞത്. "താരത്തിന് ബാഴ്സലോണയിൽ സംതൃപ്തിയുണ്ടെങ്കിൽ ഏജന്റുമായി വീണ്ടും കൂടിക്കാഴ്ച നടത്താനും പറ്റുമെങ്കിൽ കരാർ പുതുക്കാനും കഴിയും." കാറ്റലോണിയ റേഡിയോയോട് അദ്ദേഹം പറഞ്ഞു.
യുസ്തേയുടെ വാക്കുകൾ ഡെംബലെയുടെ ക്യാംപിൽ നല്ല രീതിയിലാണ് സ്വീകരിക്കപ്പെട്ടതെന്ന് സ്പാനിഷ് മാധ്യമം സ്പോർട്ട് വെളിപ്പെടുത്തുന്നു. ബാഴ്സലോണ വിളിച്ചാൽ കരാർ ചർച്ചകൾ വീണ്ടും ആരംഭിക്കാൻ താൽപര്യമുണ്ടെന്ന നിലപാടാണ് അവരുടേതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒബാമയാങിനൊപ്പം ഒത്തിണക്കത്തോടെ കളിക്കുന്ന ഡെംബലെ കരാർ പുതുക്കിയാൽ അത് അടുത്ത സീസണിൽ ബാഴ്സലോണക്ക് വലിയൊരു ഊർജ്ജമാണ് നൽകുക. ഇതിനു പുറമെ അറോഹോ, ഗാവി എന്നിവരുടെ കരാർ പുതുക്കാനുള്ള പ്രവർത്തനങ്ങളും മുന്നോട്ടു പോവുകയാണെന്നും യുസ്തേ പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.