ബാഴ്‌സലോണയുടെ സ്പോർട്ടിങ് മാനേജ്‌മെന്റിനെയും സാവിയെയും വിമർശിച്ച് ഡെംബലെയുടെ ഏജന്റ്

Sevilla FC v FC Barcelona - La Liga Santander
Sevilla FC v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ഈ സീസണോടെ ബാഴ്‌സയുമായുള്ള കരാർ അവസാനിക്കുന്ന ഫ്രഞ്ച് സൂപ്പർതാരമായ ഒസ്മാനെ ഡെംബലെയെ ക്ലബ് കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ വിമർശനവുമായി താരത്തിന്റെ ഏജന്റായ മൂസ സിസോക്കോ രംഗത്ത്. ഡെംബലെയുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ നടത്തുന്നുണ്ടെങ്കിലും അതിനോട് ഇതുവരെയും താരം അനുകൂലതീരുമാനം എടുക്കാത്ത പശ്ചാത്തലത്തിലാണ് സിസോക്കോയുടെ വിമർശനം.

"നമ്മൾ കോണ്ട്രാക്റ്റിനെക്കുറിച്ചും പണത്തെക്കുറിച്ചും കൂടുതൽ സംസാരിക്കുന്നു, എന്നാൽ അതു മാത്രമല്ല കാര്യം. അത് ദിനം തോറുമുള്ള അവരുടെ ജീവിതത്തെ കൈകാര്യം ചെയ്യൽ കൂടിയാണ്. കോവിഡിനു ശേഷം പരിശീലനം പോലുമില്ലാതെ താരത്തെ കളത്തിലിറക്കിയ ബാഴ്‌സലോണയുടെ സ്പോർട്ടിങ് മാനേജ്‌മെന്റ് മനസിലാക്കാൻ കഴിയാത്ത കാര്യമാണ്." സിസോക്കോ എൽ എക്വിപ്പെയോട് പറഞ്ഞു.

തന്റെ പദ്ധതികളിലെ ഒരു പ്രധാനതാരമായി കണ്ട ഡെംബലെയെ ടീമിൽ നിലനിർത്താൻ സാവിക്ക് വളരെയധികം താൽപര്യം ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അതു നടക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. എങ്കിലും താരവുമായി നിരന്തരം ചർച്ചകൾ നടത്തി പുതിയ കരാർ നൽകാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ നേതൃത്വം നടത്തുന്നുണ്ട്.

അതേസമയം എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണ താരത്തിനായി സജീവമായി രംഗത്തുള്ളത് ചെൽസിയാണ്. ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് താരം ചേക്കേറാനുള്ള സാധ്യതയും അവർ തള്ളുന്നു. ഇതിനു പുറമെ ന്യൂകാസിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളും ഡെംബലെക്ക് വേണ്ടി രംഗത്തുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.