Football in Malayalam

ഡെംബലയുടെ കരാർ പുതുക്കൽ അനിശ്ചിതത്വത്തിൽ, ഫ്രഞ്ച് താരം ബാഴ്‌സലോണ വിടാനുള്ള സാധ്യതയേറുന്നു

Sreejith N
Villarreal CF v FC Barcelona - La Liga Santander
Villarreal CF v FC Barcelona - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

പ്രതിഭയുടെ ധാരാളിത്തമുണ്ടായിട്ടും നിരന്തരമായ പരിക്കുകൾ മൂലം ഇതുവരെയും ബാഴ്‌സലോണയിൽ തിളങ്ങാൻ കഴിയാതെ പോയ താരമാണ് ഒസ്മാനെ ഡെംബലെ. സാവി ബാഴ്‌സലോണയുടെ പരിശീലകനായി എത്തിയതിനു ശേഷം ഡെംബലെക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ആ പദ്ധതികൾ വിചാരിച്ചതു പോലെ മുന്നോട്ടു പോകില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന ഫ്രഞ്ച് താരം അതു പുതുക്കാനുള്ള നീക്കങ്ങൾക്ക് ഇതുവരെയും അനുകൂല തീരുമാനം എടുത്തിട്ടില്ല. ഇരുപത്തിനാലുകാരനായ താരം കരാർ പുതുക്കാതിരിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അങ്ങിനെയാണെങ്കിൽ ബാഴ്‌സയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണത്.

ജനുവരി ഒന്നു മുതൽ മറ്റു ക്ലബുകളുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാൻ കഴിയുന്ന താരം കരാർ പുതുക്കാതെ മറ്റു ക്ലബുകളുടെ വമ്പൻ ഓഫറും കാത്തിരിക്കയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫ്രീ ഏജന്റായി ക്ലബ് വിട്ടാൽ ശമ്പളത്തിനു പുറമെ സൈനിങ്‌ ഫീസും താരത്തിന് സ്വന്തമാക്കാൻ കഴിയും. ന്യൂകാസിൽ യുണൈറ്റഡ് 15 മില്യൺ യൂറോ വാർഷിക വേതനവും തത്തുല്യമായ തുക സൈനിങ് ഫീയുമായി താരത്തിന് മുന്നിൽ ഓഫർ വെച്ചുവെന്ന വാർത്തകളും ശക്തമാണ്.

അതേസമയം കരാർ പുതുക്കുന്നില്ലെന്ന തീരുമാനം ഡെംബലെ എടുക്കുകയാണെങ്കിൽ ജനുവരിയിൽ തന്നെ താരത്തെ ക്ലബ് വിടാൻ അനുവദിക്കാനാണ് ബാഴ്‌സലോണ നേതൃത്വത്തിന്റെ തീരുമാനം. 2017ൽ 105 മില്യൺ യൂറോയും നാൽപതു മില്യൺ യൂറോ ആഡ് ഓണുമായി ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും സ്വന്തമാക്കിയ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ വിട്ടുകൊടുക്കാൻ ബാഴ്‌സലോണ ഒരിക്കലും തയ്യാറാവില്ല.

ഡെംബലെയുടെ ഏജന്റുമായി ബാഴ്‌സലോണ നിരന്തരം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കെ താരം കരാർ പുതുക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പരിശീലകനായ സാവി. വിങ്ങർ എന്ന പൊസിഷനിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ ഡെംബലെ ക്ലബിനൊപ്പം തുടരുമെന്നും ടീമിൽ വ്യത്യാസം സൃഷ്‌ടിക്കാൻ താരത്തിനു കഴിയുമെന്നുമാണ് സാവി പറയുന്നത്.


facebooktwitterreddit