ഡെംബലെ വീണ്ടും ബാഴ്സലോണ ടീമിൽ, സാഹചര്യങ്ങൾ മാറിയെന്ന് സാവി


ബാഴ്സലോണയുമായി കരാർ പുതുക്കാതെ ടീമിൽ നിന്നും കുറച്ചു കാലമായി ഒഴിവാക്കപ്പെട്ടിരുന്ന ഒസ്മാനെ ഡെംബലെയെ നാളെ നടക്കാനിരിക്കുന്ന അത്ലറ്റികോ മാഡ്രിഡുമായുള്ള ലാ ലിഗ മത്സരത്തിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തി പരിശീലകൻ സാവി ഹെർണാണ്ടസ്. ക്ലബിന്റെ പ്രസിഡന്റ്, സ്പോർട്ടിങ് സ്റ്റാഫുകൾ എന്നിവരെ ഉൾപ്പെടുത്തി ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു യോഗം നടത്തിയെന്നും സാഹചര്യങ്ങൾ മാറിയെന്നും സാവി പറഞ്ഞു.
ഈ സീസണോടെ കരാർ അവസാനിക്കുന്ന ഡെംബലെ ഒന്നുകിൽ കരാർ പുതുക്കുകയോ അല്ലെങ്കിൽ ജനുവരിയിൽ ക്ലബ് വിടുകയോ ചെയ്യണമെന്ന് ബാഴ്സലോണ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു രണ്ടിനും തയ്യാറാവാതെ ഡെംബലെ ക്ലബിനൊപ്പം തുടർന്നതോടെ ബാഴ്സലോണക്കു വേണ്ടി ഇനി താരം കളിക്കാൻ ഇറങ്ങില്ലെന്നായിരുന്നു ആരാധകർ കരുതിയിരുന്നതെങ്കിലും സാവി ഇക്കാര്യത്തിൽ മറ്റൊരു നിലപാട് സ്വീകരിക്കുകയായിരുന്നു.
Ousmane Dembele is in Barcelona's squad to face Atletico Madrid and Xavi is ready to use him ?? pic.twitter.com/V9iJkuJwTt
— GOAL News (@GoalNews) February 5, 2022
"ഒസ്മാനെ ഡെംബലെയുമായി ബന്ധപ്പെട്ട് ഒരു പരിഹാരവും ഞങ്ങൾക്ക് കണ്ടെത്താനായില്ല. സാഹചര്യങ്ങൾ ഒരു മാസം മുൻപായിരുന്നു, അവ ഇപ്പോൾ മറിച്ചാണ്. താരത്തിന് കരാറുണ്ട്. ഞങ്ങൾ പ്രസിഡന്റുമാണ് സ്പോർട്ടിങ് മേഖലയിലെ മറ്റുള്ള ആളുകളുമായും മീറ്റിങ് നടത്തി, പരിഹാരം കണ്ടെത്താൻ തീരുമാനിച്ചു. സാഹചര്യങ്ങൾ മാറിയിരിക്കുന്നു, ഡെംബലെ ബാഴ്സലോണയുടെ കളിക്കാരനാണ്."
"ഡെംബലെ സ്ക്വാഡ് ലിസ്റ്റിന്റെ ഒരു ഭാഗമാണെന്ന് ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ അവനെ ഉപയോഗിക്കും, ഡെംബലെക്ക് ഞങ്ങളെ സഹായിക്കാനും കഴിയും. ഉപയോഗിച്ചാലും ഇല്ലെങ്കിലും താരം മികച്ചൊരു പ്രൊഫെഷണലാണ. അവൻ ഉൾപ്പെട്ടു കഴിഞ്ഞു, അത് ക്ലബിന്റെ തീരുമാനമാണ്. ഞങ്ങൾ അവനെ ഉപയോഗിക്കും, താരം ടീമിന്റെ ഭാഗമാണ്. ഞങ്ങളുടെ തന്നെ കാലിൽ ഷൂട്ട് ചെയ്യാൻ ഞങ്ങൾക്കാവില്ല. ഫിറ്റാണെങ്കിൽ താരത്തെ ഞങ്ങൾ കളിപ്പിക്കും." സാവി മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ ബാഴ്സലോണ ടീമിലെത്തിയ പിയറെ എമറിക്ക് ഒബാമയാങ്, അഡമ ട്രയോറെ എന്നിവരും അത്ലറ്റികോക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ ലീഗിൽ നാല്, അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്ന അത്ലറ്റികോ മാഡ്രിഡിനും ബാഴ്സലോണക്കും മത്സരം വളരെ നിർണായകമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.