Football in Malayalam

ബാഴ്‌സലോണ യൂറോപ്പ ലീഗ് കളിക്കേണ്ടി വരുമോ? ബയേണിനെതിരെ ഇറങ്ങുമ്പോൾ മുഴുവൻ പ്രതീക്ഷയും ഡെംബലെയിൽ

Sreejith N
FBL-ESP-LIGA-BARCELONA-BETIS
FBL-ESP-LIGA-BARCELONA-BETIS / LLUIS GENE/GettyImages
facebooktwitterreddit

ബയേണിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങുമ്പോൾ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ വിജയം മാത്രമാണ് ബാഴ്‌സലോണക്ക് മുന്നിലുള്ള ഒരേയൊരു വഴി. കരുത്തരായ ബയേണിനെതിരെ യുവതാരങ്ങൾ കളിക്കുന്ന ബാഴ്‌സലോണക്ക് വിജയം നേടാനുള്ള സാധ്യത വളരെ കുറവാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി യൂറോപ്പ ലീഗ് കളിക്കുകയെന്ന സാഹചര്യം ഒഴിവാക്കാൻ ടീമിന് ജീവൻ കൊടുത്ത് പൊരുതിയേ മതിയാകൂ.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിൽ ബയേൺ മ്യൂണിക്കിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ബാഴ്‌സലോണ നിൽക്കുന്നതെങ്കിലും അടുത്ത മത്സരത്തിലെ ഫലങ്ങളാണ് നോക്ക്ഔട്ട് ഘട്ടത്തിലേക്ക് മുന്നേറുന്ന രണ്ടാമത്തെ ടീമിനെ തീരുമാനിക്കുക. പതിനഞ്ചു പോയിന്റുമായി ഒന്നാം സ്ഥാനം ഉറപ്പിച്ച ബയേണിനു പിന്നിൽ ഏഴു പോയിന്റുമായി ബാഴ്‌സലോണയും അഞ്ചു പോയിന്റുമായി ബെൻഫിക്കയും നിൽക്കുന്നു. ഒരു പോയിന്റ് മാത്രമുള്ള ഡൈനാമോ കീവിനു യോഗ്യത നേടാൻ കഴിയില്ല.

ബയേൺ മ്യൂണിക്കിനെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ബാഴ്‌സ തോൽക്കുകയും ഡൈനാമോ കീവിനെതിരെ നടക്കുന്ന പോരാട്ടത്തിൽ ബെൻഫിക്ക ജയിക്കുകയും ചെയ്‌താൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താണ്. ബാഴ്‌സ സമനില നേടുകയും ബെൻഫിക്ക വിജയിക്കുകയും ചെയ്‌താൽ ഗോൾ വ്യത്യാസമാണ് രണ്ടാം സ്ഥാനക്കാരെ തീരുമാനിക്കുക. ബെൻഫിക്കയുടെ മത്സരം സമനിലയിലാവുകയോ പോർച്ചുഗീസ് ക്ലബ് തോൽക്കുകയോ ചെയ്‌താൽ ബാഴ്‌സക്ക് ബയേണിനെതിരെ വിജയിക്കാതെ തന്നെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും.

ബയേണിനെതിരായ വിജയമാണ് ബാഴ്‌സലോണക്ക് ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിക്കാനുള്ള ഒരേയൊരു വഴിയെന്നിരിക്കെ അതിനു വേണ്ടി തന്നെയാവും ടീം ശ്രമിക്കുക. കരുത്തരായ ബയേണിനെതിരെ വിജയം നേടുക ബുദ്ധിമുട്ടു തന്നെയാണെങ്കിലും മുന്നേറ്റനിരയിൽ കളിക്കുന്ന ഫ്രഞ്ച് താരം ഒസ്മാനെ ഡെംബലയിലാണ് ബാഴ്‌സലോണയുടെയും പരിശീലകനായ സാവിയുടെയും പ്രധാന പ്രതീക്ഷ.

വേഗതയും ഡ്രിബ്ലിങ് മികവും കൊണ്ട് ഏതു പ്രതിരോധത്തെയും കീറിമുറിക്കാൻ കഴിവുള്ള ഡെംബലെ ടീമിന് അനിവാര്യമായ താരമാണെന്ന് പരിശീലകസ്ഥാനം ഏറ്റെടുത്തപ്പോൾ തന്നെ സാവി വ്യക്തമാക്കിയിരുന്നു. വൺ ഓൺ വൺ സാഹചര്യങ്ങളിൽ അത്യന്തം അപകടകാരിയായ താരത്തിനു സ്പെയിനിൽ തന്റെ മികവ് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ കളത്തിലിറങ്ങി ബാഴ്‌സക്ക് വേണ്ടി നടത്തിയ പ്രകടനം ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.

ആക്രമണങ്ങൾ നടത്തുന്നുണ്ടെങ്കിലും ഗോളുകൾ കണ്ടെത്താൻ ടീമിനു കഴിയുന്നില്ലെന്നതാണു ഈ സീസണിൽ ബാഴ്‌സയുടെ പ്രധാന പരിമിതി. അർധാവസരങ്ങളിൽ പോലും ഗോളുകൾ നേടാൻ കഴിവുള്ള അൻസു ഫാറ്റി പരിക്കു മൂലം ബയേണിനെതിരെ കളിക്കാൻ സാധ്യതയില്ലെന്നത് ബാഴ്‌സലോണക്ക് കൂടുതൽ തിരിച്ചടിയാണ്. എന്നാൽ വിജയം നേടി ചാമ്പ്യൻസ് ലീഗിലേക്ക് മുന്നേറാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കാറ്റലൻ ടീം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit