Football in Malayalam

പരിശീലനത്തിനെത്തിയത് മൂന്ന് മിനുറ്റ് വൈകി; ഡെംബലെക്ക് പിഴ ചുമത്തി ബാഴ്സലോണ

By Gokul Manthara
Ousmane Dembele has been fined
Ousmane Dembele has been fined / Quality Sport Images/GettyImages
facebooktwitterreddit

റൊണാൾഡ് കൂമാന് പകരക്കാരനായി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റെടുത്ത സാവി ഹെർണാണ്ടസ് ക്ലബ്ബിനെ അടിമുടി മാറ്റാനുള്ള ശ്രമങ്ങളിലാണ്‌. ഇതിന്റെ ഭാഗമായി ക്ലബ്ബിനുള്ളിൽ നിരവധി പുതിയ നിയമങ്ങൾ ഏർപ്പെടുത്തിയ അദ്ദേഹം അച്ചടക്കത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നാണ് സൂചനകൾ. ഇപ്പോളിതാ സാവിയുടെ കർക്കശമായ നിയമങ്ങൾ മൂലം പിഴ ലഭിക്കുന്ന ആദ്യ ബാഴ്സലോണ താരമായി മാറിയിരിക്കുകയാണ് ഔസ്മാൻ ഡെംബലെ.

കഴിഞ്ഞ‌ദിവസം പരിശീലനത്തിന് വൈകിയെത്തിയത് ഡെംബലെക്ക് ബാഴ്സലോണയിൽ നിന്ന് പിഴ ലഭിക്കാൻ കാരണമായെന്ന് ഇഎസ്പിഎൻ ആണ് റിപ്പോർട്ട് ചെയ്യുന്നത്. രാവിലെ ‌8.30ന് ആരംഭിക്കേണ്ട പരിശീലനത്തിന് ഡെംബലെ റിപ്പോർട്ട് ചെയ്തത് 8.33നാണെന്നും, മൂന്ന് മിനുറ്റ് വൈകിയെത്തിയതോടെ അദ്ദേഹത്തിന് ക്ലബ്ബ് പിഴ ചുമത്തി നൽകുകയായിരുന്നുവെന്നുമാണ് ഇഎസ്പിഎന്നിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ സംഭവുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും, പിഴത്തുക എത്രയാണെന്ന കാര്യവും ഇതു വരെ പുറത്ത് വന്നിട്ടില്ല.

അതേ സമയം ഫ്രഞ്ച് മുന്നേറ്റ താരമായ ഡെംബലെ ഇതാദ്യമായല്ല ബാഴ്സലോണയിൽ പരിശീലനത്തിന് വൈകിയെത്തുന്നത്. മുൻപ് പല തവണയും വൈകി പരിശീലനത്തിനെത്തി അദ്ദേഹം വാർത്ത സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ വൈകിയെത്തിയതിന് ക്ലബ്ബിൽ നിന്ന് ഇപ്പോൾ പിഴ ശിക്ഷ ലഭിച്ചിരിക്കുന്നതിനാൽ ഇനി അദ്ദേഹം അത് ആവർത്തിച്ചേക്കില്ല.

നേരത്തെ പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെ ക്ലബ്ബിന്റെ ഫസ്റ്റ് ടീമിനൊപ്പമുണ്ടായിരുന്ന മൂന്ന് പരിശീലകരെ ഒഴിവാക്കിയ സാവി, തനിക്ക് കീഴിൽ ക്ലബ്ബിലെ താരങ്ങൾ പാലിക്കേണ്ട ചില പുതിയ നിയമങ്ങളും അവതരിപ്പിച്ചിരുന്നു. ഇത് മൂലം ഒരു സ്പാനിഷ് മാധ്യമത്തിന് നൽകാനിരുന്ന അഭിമുഖത്തിൽ നിന്ന് ക്ലബ്ബിന്റെ സൂപ്പർ താരമായ ജെറാർഡ് പിക്വെക്ക് പിന്മാറേണ്ടിയും വന്നിരുന്നു‌. സാവി ക്ലബ്ബിൽ കർക്കശക്കാരനായിരിക്കുമെന്നും, ക്ലബ്ബിന്റെ പുരോഗതിക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത മനോഭാവമാകും അദ്ദേഹം സ്വീകരിക്കുകയെന്നതും ഇതിൽ നിന്ന് വ്യക്തമാണ്.


facebooktwitterreddit