ഡെംബലെ ബാഴ്സലോണയുമായി കരാർ പുതുക്കുന്നതിനരികിൽ


ഫ്രഞ്ച് മുന്നേറ്റനിരതാരമായ ഒസ്മാനെ ഡെംബലെ ബാഴ്സലോണ കരാർ പുതുക്കുന്നതിനരികെയെന്നു റിപ്പോർട്ടുകൾ. താരത്തിന്റെ ഏജന്റായ മൂസ സിസോക്കോ കഴിഞ്ഞ ബുധനാഴ്ച കാറ്റലോണിയയിൽ എത്തിയെന്നും ക്ലബുമായി നടത്തിയ ചർച്ചകളിൽ കരാർ പുതുക്കുന്ന കാര്യത്തിൽ പുരോഗമനം ഉണ്ടായിട്ടുണ്ടെന്നും സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ടു ചെയ്യുന്നു.
രണ്ടു പാർട്ടികളും കരാർ സംബന്ധിച്ച് ധാരണയിൽ ഇതുവരെയും എത്തിയിട്ടില്ലെങ്കിലും കരാർ പുതുക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം താൻ നേരത്തെ ആവശ്യപ്പെട്ടിരുന്ന പ്രതിഫലവർദ്ധനവ് അടക്കമുള്ള കാര്യങ്ങളിൽ ഡെംബലെ വിട്ടുവീഴ്ച്ചക്ക് തയ്യാറാണ്.
ഇപ്പോഴും ബാഴ്സലോണ മുന്നോട്ടു വെച്ചതിനേക്കാൾ കൂടുതൽ പ്രതിഫലം ഡെംബലെ ആവശ്യപ്പെടുന്നുണ്ട്. മുൻപ് താരത്തിന്റെ ആവശ്യം പൂർണമായും നിരസിച്ചിരുന്ന ബാഴ്സലോണ അവസാന ചർച്ചയിൽ ആവശ്യങ്ങൾ വിശകലനം ചെയ്തതിന് ശേഷം പരിഗണിക്കാമെന്ന വാഗ്ദാനം നൽകിയിട്ടുണ്ട്. ഇതാണ് ഡെംബലെ കരാർ പുതുക്കാനുള്ള സാധ്യത വർധിപ്പിക്കുന്നത്.
ഡെംബലെയുടെ ആവശ്യം വിശകലനം ചെയ്തതിനു ശേഷം തങ്ങൾക്ക് നൽകാൻ കഴിയുന്ന ഓഫർ വർധിപ്പിക്കാൻ കഴിയുമോയെന്ന് ബാഴ്സലോണ മനസിലാക്കും. അതിൽ ബാഴ്സലോണ അനുകൂലമായ തീരുമാനം എടുത്താൽ ഡെംബലെ ക്ലബുമായി പുതിയ കരാർ ഒപ്പിടുന്നതിലേക്കു വഴി തെളിക്കും.
സാവി പരിശീലകനായി എത്തിയതിനു ശേഷം മികച്ച ഫോമിൽ കളിക്കുന്ന ഡെംബലെ നിലവിൽ കാറ്റലൻ ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്. സാവിയും ബാഴ്സലോണ സഹതാരങ്ങളും ആരാധകരുമെല്ലാം താരത്തിന്റെ കരാർ പുതുക്കണമെന്ന് ക്ലബ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.