കൈമാറ്റക്കരാറിന് കളമൊരുങ്ങുന്നു, ബെയിൽ ടോട്ടൻഹാമിലേക്കെത്തുമ്പോൾ, പകരം റയൽ മാഡ്രിഡിലേക്ക് ഡെലെ അല്ലി പോയേക്കും

Gareth Bale, Zinedine Zidane, Manager of Real Madrid
Real Madrid CF v Villarreal CF - La Liga | Quality Sport Images/Getty Images

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് വിടാനൊരുങ്ങുന്ന വെയിൽസ് സൂപ്പർ താരം ഗരത് ബെയിലിനെ ടീമിലെത്തിക്കാൻ മുന്നിലുള്ള ക്ലബ്ബുകളിൽ പ്രധാനികളാണ് അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ ടോട്ട‌ൻഹാം ഹോട്സ്പർ. എന്നാൽ ഉയർന്ന വേതനം മൂലം താരത്തിന്റെ കരാർ കാര്യത്തിൽ ഇതു വരെ അന്തിമ തീരുമാനത്തിലെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോളിതാ ഒരു കൈമാറ്റക്കരാറിലൂടെ താരത്തെ തങ്ങളുടെ തട്ടകത്തിലേക്ക് തിരിച്ചുകൊണ്ടു വരാൻ ടോട്ടനം പദ്ധതികളിടുന്നതായി സൂചനകൾ പുറത്ത് വന്നിരിക്കുന്നു‌.

ഗരത് ബെയിലിനെ റയലിൽ നിന്ന് ടോട്ടനത്തിലെത്തിക്കുമ്പോൾ പകരം അവരുടെ ഇംഗ്ലീഷ് താരം ഡെലെ അല്ലി തിരിച്ച് റയൽ മാഡ്രിഡിലേക്ക് പോകുന്ന തരത്തിലൊരു കരാർ നടക്കാൻ സാധ്യതയുണ്ടെന്നാണ് ദി ടെലിഗ്രാഫ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

റയൽ മാഡ്രിഡിന് ലോണടിസ്ഥാനത്തിൽ ബെയിലിനെ ടോട്ടൻഹാമിന് നൽകാൻ പദ്ധതികളുണ്ടെന്നും ഇങ്ങനെ വരുമ്പോൾ റയലിന് ബെയിലിന്റെ വേതനത്തിന്റെ പകുതിയും, അല്ലിയുടെ ശമ്പളം മുഴുവനായും നൽകേണ്ടി‌ വരുമെന്നാണ് കരുതപ്പെടുന്നത്.

ബെയിലെത്തുമ്പോൾ പകരം അല്ലിയെ വിടാൻ ടോട്ടനം തയ്യാറാവുകയാണെങ്കിൽ ആഴ്ചയിൽ 150,000 പൗണ്ട് അവർക്ക് ലാഭിക്കാനാകും. ഈ തുക ബെയിലിന്റെ ആഴ്ച ശമ്പളമായ 300,000 പൗണ്ട് നൽകുന്നതിനായി അവർക്ക് ഉപയോഗിക്കുകയും ചെയ്യാം. ഇങ്ങനെയാണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡും ബെയിലിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതിനാൽ വെയിൽസ് താരത്തെ സ്വന്തമാക്കുക ടോട്ടനത്തിന് അത്രയെളുപ്പമാകില്ലെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം തന്റെ മുൻ ക്ലബ്ബായ ടോട്ടനത്തിലേക്ക് പോകാൻ ബെയിൽ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം താരത്തിന്റെ ഏജന്റ് വ്യക്തമാക്കിയിരുന്നു‌. ബെയിൽ ഇപ്പോളും ടോട്ടനത്തെ ഇഷ്ടപ്പെടുന്നതായും, അവിടെയായിരിക്കാൻ ആഗ്രഹിക്കുന്നതായും പറഞ്ഞ അദ്ദേഹം, ഇതിനായുള്ള ചർച്ചകൾ നടക്കുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു