സമ്മർ ജാലകത്തിൽ റാഫിന്യയിൽ ലിവർപൂൾ താൽപര്യം പ്രകടിപ്പിച്ചിരുന്നെന്ന് വെളിപ്പെടുത്തി താരത്തിന്റെ ഏജന്റ്


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ റാഫിന്യയെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമം നടത്തിയിരുന്നതായി താരത്തിന്റെ ഏജന്റായ ഡെക്കോ വെളിപ്പെടുത്തി. കഴിഞ്ഞ സമ്മറിൽ റെന്നെസിൽ നിന്നും പതിനേഴു മില്യൺ പൗണ്ട് മുടക്കി ലീഡ്സ് സ്വന്തമാക്കിയ റാഫിന്യ ക്ലബ്ബിനെ പ്രീമിയർ ലീഗിൽ ഒൻപതാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതിനു പിന്നാലെയാണ് ലിവർപൂൾ താരത്തിനായി രംഗത്തു വന്നത്.
"റാഫിന്യ പ്രീമിയർ ലീഗിലെ പ്രധാനപ്പെട്ട കളിക്കാരനായി മാറിയിരിക്കുന്നു. ക്ലബ്ബിനറിയാം അദ്ദേഹം വളർന്നുവെന്നും ഇനിയുള്ള കാര്യങ്ങൾ സ്വാഭാവികമായി തന്നെ സംഭവിക്കുമെന്നും," ഗ്ലോബോ എസ്പോർട്ടേയോട് സംസാരിക്കുമ്പോൾ ബാഴ്സലോണ, ചെൽസി എന്നീ ക്ലബുകളുടെ മുൻ താരം കൂടിയായ ഡെക്കോ പറഞ്ഞു.
Leeds United winger Raphinha is admired by Liverpool, his agent and former Barcelona & Chelsea star Deco has said.
— Sky Sports News (@SkySportsNews) October 14, 2021
"താരം വളരെ ചെറുപ്പമാണ്, ഇനിയും ഒരുപാട് വെല്ലുവിളികൾ മുന്നിലുണ്ട്, നിരവധി ക്ലബുകൾക്ക് താരത്തിൽ താൽപര്യമുണ്ട്, ലിവർപൂളിനും അദ്ദേഹത്തെ ഇഷ്ടമാണ്. അവർ താരത്തിനു വേണ്ടി സമീപിച്ചിരുന്നു, എന്നാൽ ഔദ്യോഗികമായി ഒന്നുമില്ല. ലീഡ്സിന് ഒരു സീസൺ കൂടി റാഫിന്യയെ നിലനിർത്തണം എന്നാണുള്ളത്," ഡെക്കോ വ്യക്തമാക്കി.
"റാഫിന്യ ലീഡ്സിൽ വളരെയധികം സംതൃപ്തനാണ് എങ്കിലും കരിയറിൽ വലിയൊരു ചുവടു വെക്കേണ്ട സമയം വരുമെന്ന് താരത്തിനറിയാം. ഇനി മൂന്നു വർഷം കൂടിയാണ് റാഫിന്യക്ക് കരാർ ബാക്കിയുള്ളത്. എന്നാൽ കരാറല്ല എത്ര കാലം തുടരുമെന്നതും ട്രാൻസ്ഫറും തീരുമാനിക്കുന്നത്. ലീഡ്സിനും അതറിയാം," ഡെക്കോ പറഞ്ഞു.
ഇന്നലെ യുറുഗ്വായ്ക്കെതിരെ ബ്രസീലിനു വേണ്ടി ആദ്യമായി ഫസ്റ്റ് ഇലവനിൽ ഇറങ്ങിയ റാഫിന്യ തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. രണ്ടു ഗോളുകൾ നേടിയ താരം അടുത്ത സമ്മറിൽ നിരവധി ക്ലബുകളുടെ നോട്ടപ്പുള്ളിയാകും എന്നതിനൊപ്പം ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ പ്രതീക്ഷ കൂടിയാണ്.