റഫറിയെ അധിക്ഷേപിചതിന് ഡെക്ലാൻ റൈസിന് രണ്ട് മത്സര വിലക്ക് നൽകി യുവേഫ

വെസ്റ്റ് ഹാം യുണൈറ്റഡ് മധ്യനിര തരാം ഡെക്ലാന്‍ റൈസിന് രണ്ട് മത്സര വിലക്ക് നൽകി യുവേഫ. യൂറോപ്പാ ലീഗില്‍ ഐൻട്രാക്‌ട് ഫ്രാങ്ക്ഫര്‍ട്ടിനെതിരെയുള്ള മത്സരശേഷം റഫറിയെ അധിക്ഷേപിച്ചതിനാണ് ഇംഗ്ലീഷ് താരത്തിന് യുവേഫ രണ്ട് മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഫ്രാങ്ക്ഫര്‍ട്ടിനെതിരേയുള്ള മത്സരശേഷം റൈസ് റഫറിയെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. നിങ്ങള്‍ വളരെ മോശമാണെന്നും നിങ്ങള്‍ക്ക് കൈക്കൂലി ലഭിച്ചിട്ടുണ്ടാവുമെന്നും തുടങ്ങി മോശം രീതിയിലായിരുന്നു റൈസ് റഫറിയെ അധിക്ഷേപിച്ചത്.
അതേ സമയം, ഫ്രാങ്ക്ഫര്‍ട്ടിനെതിരേയുള്ള മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച വെസ്റ്റ് ഹാം താരം ആരോണ്‍ ക്രെസ്‌വെല്ലിനും പരിശീലകൻ ഡേവിഡ് മോയെസിനും ഒരു മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരും. ഇതോടെ ഓഗസ്റ്റിൽ നടക്കുന്ന യുറോപ്പാ കോണ്‍ഫറന്‍സ് ലീഗ് പ്ലേ ഓഫിന്റെ ആദ്യ പാദം ഇരുവർക്കും നഷ്ടമാവും. അതേ സമയം, രണ്ട് മത്സര വിലക്ക് ലഭിച്ച റൈസിന് യൂറോപ്പാ കോൺഫറൻസ് ലീഗ് പ്ലേ ഓഫിന്റെ ഇരു പാദങ്ങളും നഷ്ടമാവും.
ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് പടക്കങ്ങള്‍ കൊണ്ടുവന്നതിന് വെസ്റ്റ് ഹാമിന് യുവേഫ 1500 പൗണ്ട് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
യൂറോപ്പാ ലീഗിന്റെ സെമിയിലെ ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട വെസ്റ്റ് ഹാം രണ്ടാം പാദത്തിൽ 2-1നും ഫ്രാങ്ക്ഫര്‍ട്ടിനോട് പരാജയപ്പെട്ടായിരുന്നു ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ഫൈനലില്‍ റേഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി ഫ്രാങ്ക്ഫര്‍ട്ടായിരുന്നു യൂറോപ്പാ ലീഗ് കിരീടം സ്വന്തമാക്കിയത്.