"സ്‌കലോണിയിൽ വിശ്വാസമുണ്ടായിരുന്നില്ല"- അർജന്റീന പരിശീലകൻ ടീമിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഡി പോൾ
By Sreejith N

അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണിയിൽ ടീമിലെ താരങ്ങൾക്ക് തുടക്കത്തിൽ വിശ്വാസമുണ്ടായിരുന്നില്ലെന്നും എന്നാലിപ്പോൾ എല്ലാ കളിക്കാരുടെയും പൂർണവിശ്വാസം അദ്ദേഹം നേടിയെടുത്തുവെന്നും വെളിപ്പെടുത്തി ടീമിലെ മധ്യനിര താരമായ റോഡ്രിഗോ ഡി പോൾ. ഇരുപത്തിയെട്ടു വർഷത്തിനു ശേഷം അർജന്റീനക്കൊരു രാജ്യാന്തര കിരീടം സമ്മാനിച്ച പരിശീലകൻ രാവിലെ വിളിച്ച് ശുഭരാത്രി നേർന്നാൽ അതു വിശ്വസിക്കുമെന്നും താരം പറഞ്ഞു.
2018ലാണ് ലയണൽ സ്‌കലോണി അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെടുക്കുന്നത്. ആദ്യമായി ഒരു സീനിയർ ടീമിന്റെ ചുമതല ഏറ്റെടുക്കുന്ന അദ്ദേഹത്തിനു കീഴിൽ ടീം മികച്ച പ്രകടനം നടത്തുകയും കഴിഞ്ഞ സീസണിലെ കോപ്പ അമേരിക്ക കിരീടവും ഇറ്റലിക്കെതിരെ നടന്ന ഫിനാലിസിമ ട്രോഫിയും നേടുകയുണ്ടായി. കോപ്പ അമേരിക്ക കിരീടം നേടിയതാണ് സ്‌കലോണിയിൽ താരങ്ങൾക്ക് പൂർണവിശ്വാസം ഉണ്ടാകാൻ കാരണമെന്നും ഡി പോൾ പറഞ്ഞു.
🗣 Rodrigo De Paul: "If it's 10:00 in the morning and Scaloni tells us good night, for us it's night." This via Tele Fe. 🇦🇷 pic.twitter.com/53lxFdlM6z
— Roy Nemer (@RoyNemer) June 11, 2022
"തുടക്കത്തിൽ വിശ്വാസമില്ലായ്‌മ ഉണ്ടായിരുന്നു. ഞങ്ങളും കോച്ചിങ് സ്റ്റാഫുകളുമെല്ലാം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. കോപ്പ അമേരിക്കക്കു മുൻപ് ഞങ്ങൾ രണ്ടു യോഗ്യത മത്സരങ്ങൾ കളിച്ചതിൽ രണ്ടിലും സമനില വഴങ്ങി. കോപ്പ അമേരിക്കക്കു മുൻപ് അത്താഴത്തിനു പോകുമ്പോൾ ഞങ്ങൾ ടിവി ഓഫ് ചെയ്യും. അത്രയും പ്രയാസങ്ങളുണ്ടായിരുന്നു. അർജന്റീന ടീമിന്റെ പരാജയം ആഗ്രഹിക്കുന്ന ആളുകൾ പുറത്തുണ്ടെന്ന് എനിക്ക് തോന്നി."
"എന്നാലിപ്പോൾ സ്‌കലോണിക്ക് എന്തു കാര്യവും എന്നെ വിശ്വസിപ്പിക്കാൻ കഴിയും. തീർച്ചയായും കോപ്പ അമേരിക്ക പോലെയൊക്കെ സംഭവിച്ചാൽ അതങ്ങിനെ ആയിരിക്കുകയും ചെയ്യും. മത്സരത്തിനും അതിന്റെ തന്ത്രപരമായ കാര്യങ്ങളിലും അദ്ദേഹം വിശദമായ വിലയിരുത്തലുകൾ നടത്തും, എല്ലാം അങ്ങിനെ സംഭവിക്കുകയും ചെയ്യും. രാവിലെ പത്തു മണിയാണെങ്കിലും സ്‌കലോണി വിളിച്ച് ശുഭരാത്രി നേർന്നാൽ അപ്പോൾ ഞങ്ങൾക്ക് രാത്രിയായിരിക്കും." ടെലിഫെയോട് ഡി പോൾ പറഞ്ഞു.
ലോകകപ്പിനായി തയ്യാറെടുക്കുന്ന അർജന്റീന ഈ മാസത്തിൽ രണ്ടു മത്സരങ്ങളിൽ മികച്ച വിജയങ്ങളാണ് സ്വന്തമാക്കിയത്. ഇറ്റലിക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയ ടീം എസ്റ്റോണിയയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും വീഴ്ത്തി. ഇതോടെ സ്‌കലോണിയുടെ കീഴിൽ തോൽവി അറിയാതെ 33 മത്സരങ്ങൾ പൂർത്തിയാക്കിയ അർജന്റീന മികച്ച രീതിയിലാണ് ലോകകപ്പിനായി തയ്യാറെടുക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.