സെൽറ്റ വിഗോക്കെതിരെ മൂന്നു ഗോളിനു മുന്നിൽ നിന്നതിനു ശേഷം ബാഴ്സലോണ സമനില വഴങ്ങിയതിലുള്ള നിരാശ പങ്കുവെച്ച് ഡി ജോംഗ്


സെൽറ്റ വിഗോക്കെതിരായ ലാ ലിഗ മത്സരത്തിൽ മൂന്നു ഗോളിന് മുന്നിലെത്തിയതിനു ശേഷം ബാഴ്സ സമനില വഴങ്ങിയതിലുള്ള നിരാശ പ്രകടിപ്പിച്ച് മധ്യനിര താരം ഫ്രാങ്കീ ഡി ജോംഗ്. അൻസു ഫാറ്റി, സെർജിയോ ബുസ്ക്വറ്റ്സ്, മെംഫിസ് ഡീപേയ് എന്നിവർ നേടിയ ഗോളിലൂടെ ആദ്യപകുതിയിൽ മുന്നിലെത്തിയ ബാഴ്സ രണ്ടാം പകുതിയിലാണ് വിജയം കൈവിട്ടത്. സെൽറ്റക്കു വേണ്ടി ആസ്പാസ് രണ്ടു ഗോളും നോലിറ്റോ ഒരു ഗോളും സ്വന്തമാക്കി.
ആദ്യപകുതിയിൽ മികച്ചു നിന്ന ബാഴ്സലോണയുടെ കളിയുടെ താളം തെറ്റിച്ചത് അൻസു ഫാറ്റി പരിക്കേറ്റു പുറത്തു പോയതാണ്. രണ്ടാം പകുതിയിൽ സെൽറ്റ ആക്രമണങ്ങൾ ശക്തമാക്കി നിരന്തരം ബാഴ്സ ഗോൾമുഖം വിറപ്പിക്കുകയും സ്വന്തം മൈതാനത്ത് ഒരു പോയിന്റ് സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ മുഴുവൻ സമയവും കളിച്ച ഡി ജോംഗ് അതിനു ശേഷമാണ് തന്റെ നിരാശ വ്യക്തമാക്കിയത്.
?️ "A bit of personality is missing, I think", said the Dutchman about the struggling @FCBarcelona after Celta came back from 0-3 to tie the game up. https://t.co/R61eWwc36v
— beIN SPORTS USA (@beINSPORTSUSA) November 7, 2021
"ഞങ്ങൾക്ക് സ്വഭാവഗുണം നഷ്ടമായിരുന്നു. രണ്ടാം പകുതിയിൽ എങ്ങിനെയാണ് കളിക്കേണ്ടതെന്ന് ഞങ്ങൾക്ക് മനസിലായില്ല. ഞങ്ങൾ ഉറച്ചു നിന്നു പോയി. ഞങ്ങൾ കളിക്കാരാണ് കൂടുതൽ ചെയ്യേണ്ടത്. ഇതു വളരെ പ്രധാനപ്പെട്ട ഒരു മത്സരവുമായിരുന്നു, വിജയം നേടാൻ കഴിയാതിരുന്നത് അതുകൊണ്ടു തന്നെ ഞങ്ങൾക്ക് വലിയൊരു തിരിച്ചടിയായിരുന്നു." ഡച്ച് താരം പറഞ്ഞു.
ഇഞ്ചുറി ടൈം അഞ്ചു മിനുട്ട് കഴിഞ്ഞിട്ടും മത്സരം നീട്ടിക്കൊണ്ടു പോയ റഫറിയെയും ഡി ജോംഗ് വിമർശിച്ചു. "അഞ്ചു മിനുട്ട് ഇഞ്ചുറി ടൈം തന്നെ കൂടുതലായിരുന്നു. അതിനു ശേഷം ത്രോ ഇന്നിനായി എക്സ്ട്രാ ടൈമും നൽകുകയുണ്ടായി. ഞങ്ങളാണ് പിറകിലെങ്കിൽ അവർ രണ്ടോ മൂന്നോ മിനുട്ട് മാത്രമായിരിക്കും നൽകുക." ഡി ജോംഗ് പറഞ്ഞു.
ബാഴ്സ ഇതിഹാസതാരം സാവിയുടെ വരവ് ടീമിൽ മാറ്റങ്ങൾ ഉണ്ടാക്കുമോയെന്നു നോക്കിക്കാണാമെന്നും ഡി ജോംഗ് പറഞ്ഞു. സാവിയുടെ വരവിൽ എല്ലാവർക്കും ആവേശമുണ്ടെന്നും തങ്ങൾ അദ്ദേഹത്തിനു കീഴിൽ കഠിനമായി അധ്വാനിക്കുമെന്നും ഡി ജോംഗ് കൂട്ടിച്ചേർത്തു.