Football in Malayalam

ബാഴ്‌സലോണ മോശം ഫോമിലാണെങ്കിലും കൂമാനെ പുറത്താക്കരുതെന്ന് ഡി ജോംഗ്, പിന്തുണയുമായി ബുസ്‌ക്വറ്റ്‌സും

Sreejith N
FC Barcelona v Real Sociedad - La Liga Santander
FC Barcelona v Real Sociedad - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

പുതിയ സീസൺ ആരംഭിച്ചതിനു ശേഷം മോശം ഫോമിൽ മുന്നോട്ടു പോകുന്ന ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ് കൂമാനെ പുറത്താക്കരുതെന്ന് ടീമിന്റെ മധ്യനിര താരമായ ഫ്രാങ്കീ ഡി ജോംഗ്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്‌സലോണ തോൽവി വഴങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഡി ജോംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തെ ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് മൂന്നു ഗോളിനു തോറ്റതിനു പിന്നാലെ സമാനമായ തോൽവി ബെൻഫിക്കയോടും വഴങ്ങിയത് കൂമാന്റെ സ്ഥാനത്തിനു വലിയ ഭീഷണി ഉയർത്തിയിട്ടുണ്ട്. എന്നാൽ ഡച്ച് പരിശീലകനല്ല ടീമിന്റെ മോശം പ്രകടനത്തിനു കാരണമെന്നാണ് ഡി ജോംഗ് പറയുന്നത്.

"എനിക്കു കൂമാനെക്കുറിച്ച സംസാരിക്കാൻ കഴിയില്ല, ഞാനല്ല അതു പറയേണ്ടതും. എന്നാൽ പരിശീലകനെ മാറ്റിയതു കൊണ്ട് എല്ലാം പരിഹരിക്കപ്പെടുമെന്നു ഞാൻ കരുതുന്നില്ല. ഞങ്ങൾ എല്ലാ രീതിയിലും ശ്രമിച്ചു കൊണ്ടിരിക്കയാണ്, വളരെ കഠിനമായി പരിശീലനം നടത്തുന്നുണ്ട്. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം മൈതാനത്തു നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്നത്തെ ദിവസം ഞങ്ങളുടേതല്ലെന്നാണ് വ്യക്തമായ കാര്യം."

ടീമിന്റെ മധ്യനിരയിൽ കളിക്കുന്ന മുതിർന്ന താരങ്ങളിൽ ഒരാളായ സെർജിയോ ബുസ്‌ക്വറ്റ്‌സും ഡി ജോംഗ് പറഞ്ഞതിനെ ശരി വെച്ചു. ഏറ്റവുമവസാനം എളുപ്പമുള്ള കാര്യം കൂമാനെ പുറത്താക്കുക എന്നതാണെങ്കിലും തങ്ങളെല്ലാവരും അതിൽ ഉത്തരവാദികളാണെന്നാണ് ബുസ്‌ക്വറ്റ്സ് പറഞ്ഞത്. ബാഴ്‌സലോണ വളരെയധികം ഗുരുതരമായ ഒരു സാഹചര്യത്തെയാണ് നേരിടുന്നതെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം കളിക്കാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കൂമാൻ പുറത്താക്കാനുള്ള സാധ്യതകളെക്കുറിച്ച് പ്രതികരിച്ചത്. ബെനഫിക്കക്കെതിരായ മത്സരത്തിൽ ടീമംഗങ്ങൾ പുലർത്തിയ മനോഭാവത്തെയും വിജയിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തിരുന്നു.

facebooktwitterreddit