റൊണാൾഡോയെ മാതൃകയാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരങ്ങൾക്ക് ഡി ഗിയയുടെ സന്ദേശം
By Sreejith N

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാത പിന്തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലെ യുവതാരങ്ങൾക്ക് സന്ദേശമയച്ച് ക്ലബിലെ ഗോൾകീപ്പറായ ഡേവിഡ് ഡി ഗിയ. പോർച്ചുഗീസ് താരത്തിന്റെ ആത്മാർത്ഥയുള്ള മനോഭാവവും മികച്ച ഫിറ്റ്നസുമാണ് ലോകത്തിലെ ഏറ്റവും മികച്ച താരമാക്കി മാറ്റുന്നതെന്നാണ് സ്‌പാനിഷ് ഗോൾകീപ്പറുടെ അഭിപ്രായം.
കളിക്കളത്തിലെ പൊരുതാനുള്ള മനോഭാവവും കൃത്യമായുള്ള പരിശീലനവുമെല്ലാം റൊണാൾഡോക്കുള്ള പ്രധാന ഗുണങ്ങൾ ആണെന്ന് ഏവർക്കുമറിയാം. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പതറിയപ്പോഴും തന്റെ ഭാഗത്തു നിന്നും ഏറ്റവും മികച്ച പ്രകടനം നടത്തിയ റൊണാൾഡോ ക്ലബിന്റെ മൂന്നാമത്തെ ടോപ് സ്കോററായാണ് സീസൺ പൂർത്തിയാക്കിയത്.
De Gea on Ronaldo: “He’s great. The way he works speaks for himself. The way he treats himself, his body. He is focused in every training session and every game.” [mu] #mufc
— The United Stand (@UnitedStandMUFC) June 11, 2022
"റൊണാൾഡോ മഹത്തായ താരമാണ്. താരം ജോലി ചെയ്യുന്നതും തന്റെ ശരീരത്തെ കൈകാര്യം ചെയ്യുന്നതുമെല്ലാം അതു കാണിച്ചു തരുന്നു. ഓരോ ട്രെയിനിങ് സെഷനിലും ഓരോ മത്സരത്തിലും റൊണാൾഡോ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടാണ് താരം ലോകത്തിലെ ഏറ്റവും മികച്ചതായത്. മാനസികമായി വളരെ കരുത്തുള്ള റൊണാൾഡോ എല്ലാവർക്കും മാതൃക തന്നെയാണ്." ഡി ഗിയ പറഞ്ഞത് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് വെളിപ്പെടുത്തി.
കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ഈ സമ്മറിൽ ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അടുത്ത സീസണിലും ക്ലബിനൊപ്പമുണ്ടാകുമെന്ന് താരം അറിയിച്ചിരുന്നു. പുതിയ പരിശീലകനായ എറിക് ടെൻ ഹാഗ് പോർച്ചുഗീസ് താരത്തെ കൂടുതൽ നല്ല രീതിയിൽ ഉപയോഗിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.