യുവേഫ നേഷൻസ് ലീഗ് പ്രാധാന്യമുള്ള ടൂർണമെന്റല്ലെന്ന് കെവിൻ ഡി ബ്രൂയ്ൻ
By Sreejith N

യുവേഫ നേഷൻസ് ലീഗിനെ പ്രാധാന്യമുള്ള ടൂർണമെന്റായി താൻ കണക്കാക്കുന്നില്ലെന്ന് ബെൽജിയൻ സൂപ്പർതാരം കെവിൻ ഡി ബ്രൂയ്ൻ. കൂടുതൽ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന സൗഹൃദ മത്സരങ്ങളാണ് യുവേഫ നാഷൻസ് ലീഗ് എന്നു വ്യക്തമാക്കിയ കെവിൻ ഡി ബ്രൂയ്ൻ ദൈർഘ്യമേറിയ ക്ലബ് സീസണു ശേഷം താരങ്ങൾക്ക് വിശ്രമം ആവശ്യമാണെന്നും വ്യക്തമാക്കി.
നിലവിൽ ബെൽജിയൻ ടീമിനൊപ്പം യുവേഫ നാഷൻസ് ലീഗ് മത്സരങ്ങൾക്കു തയ്യാറെടുക്കുകയാണ് കെവിൻ ഡി ബ്രൂയ്ൻ. റോബർട്ടോ മാർട്ടിനസിന്റെ ടീം നെതർലാൻഡ്‌സ്, പോളണ്ട്, വെയിൽസ് എന്നിവരെയാണ് ഗ്രൂപ്പ് എയിൽ നേരിടുന്നത്. എന്നാൽ രണ്ടാഴ്ചയോളം ഇതിനായി ചിലവഴിക്കേണ്ടി വരുന്നതിൽ മാഞ്ചസ്റ്റർ സിറ്റി താരത്തിന് അതൃപ്‌തിയുണ്ടെന്ന് ഡി ബ്രൂയ്‌ന്റെ വാക്കുകൾ വ്യക്തമാക്കുന്നു.
He's not happy at all 😳 #mcfc https://t.co/7CpmE2FhnK
— Manchester City News (@ManCityMEN) May 30, 2022
"രണ്ടാഴ്‌ച വളരെ കൂടുതലാണ്. എന്നാൽ ഒരു താരമെന്ന നിലയിൽ എനിക്കതിൽ കൂടുതൽ മാറ്റങ്ങളുണ്ടാക്കാൻ കഴിയില്ല. ഞാൻ അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ പോകുന്നില്ല. നേഷൻസ് ലീഗ് എന്റെ കണ്ണിൽ ഒട്ടും പ്രാധാന്യമുള്ള കാര്യമല്ല. കുറച്ചു കൂടി നല്ല രീതിയിൽ അവതരിപ്പിക്കുന്ന സൗഹൃദമത്സരം മാത്രമാണത്."
"ദൈർഘ്യമേറിയ, വളരെ കടുപ്പം നിറഞ്ഞ ഒരു സീസണു ശേഷമുള്ള ഈ മത്സരങ്ങളെ ഞാൻ ശ്രദ്ധിക്കുന്നില്ല. ഞങ്ങൾക്ക് കൂടുതൽ വിശ്രമം വേണമെന്ന് ഞങ്ങൾക്ക് പറയാൻ കഴിയും. പക്ഷെ ഒന്നും മാറാൻ പോകുന്നില്ല. മൈതാനത്ത് ഞങ്ങളെന്താണോ ചെയ്യേണ്ടത്, അതു ഞങ്ങൾ ചെയ്യും." ഡി ബ്രൂയ്ൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി വീണ്ടുമൊരിക്കൽ കൂടി മികച്ച പ്രകടനം നടത്തിയാണ് ഡി ബ്രൂയ്ൻ ബെൽജിയം ക്യാംപിൽ എത്തിയിരിക്കുന്നത്. പതിനഞ്ചു ഗോളുകളുമായി ലീഗിൽ സിറ്റിയുടെ ടോപ് സ്കോററായ താരം ലീഗ് കിരീടം നേടുകയും ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ എത്തുകയും ചെയ്‌തിരുന്നു. പ്രീമിയർ ലീഗ് പ്ലേയർ ഓഫ് ദി സീസണായി തിരഞ്ഞെടുക്കപ്പെട്ടതും ഡി ബ്രൂയ്ൻ തന്നെയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.