Football in Malayalam

ഇറ്റലിക്കെതിരെ കളിച്ചത് കാലിലെ പരിക്കുമായി, വെളിപ്പെടുത്തലുമായി കെവിൻ ഡി ബ്രൂയ്ൻ

Sreejith N
Belgium v Italy - UEFA Euro 2020: Quarter-final
Belgium v Italy - UEFA Euro 2020: Quarter-final / Christof Stache - Pool/Getty Images
facebooktwitterreddit

യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇറ്റലിക്കെതിരെ ബെൽജിയം തോൽവി വഴങ്ങിയ മത്സരത്തിൽ പരിക്കുമായാണ് കളിച്ചതെന്നു വെളിപ്പെടുത്തി സൂപ്പർതാരം കെവിൻ ഡി ബ്രൂയ്ൻ. ഇരുടീമുകളും മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ നിക്കോളോ ബരേല്ല, ലോറെൻസോ ഇൻസിനെ എന്നിവരുടെ ഗോളുകളിലാണ് ഇറ്റലി വിജയം നേടിയത്. ലുക്കാക്കുവിലൂടെ ഒരു ഗോൾ മടക്കാൻ ബെൽജിയത്തിനു കഴിഞ്ഞുവെങ്കിലും അതിനു ശേഷം ഇറ്റാലിയൻ പ്രതിരോധം ഭേദിക്കാൻ ബെൽജിയത്തിനു കഴിഞ്ഞില്ല.

മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ മാഞ്ചസ്റ്റർ സിറ്റി താരം മുഴുവൻ സമയവും കളത്തിലുണ്ടായിരുന്നു. ഏതാനും സുവർണാവസരങ്ങൾ ഒരുക്കാനും ഗോളിലേക്ക് ഷോട്ടുകൾ പായിക്കാനും കഴിഞ്ഞ താരത്തിനു പക്ഷെ ഇറ്റലിയുടെ വിജയത്തെ തടയാൻ കഴിഞ്ഞില്ല. മത്സരത്തിനു ശേഷം യുവേഫ വെബ്‌സൈറ്റിനോട് സംസാരിക്കുമ്പോഴാണ് ഡി ബ്രൂയ്ൻ തന്റെ പരിക്കിനെ കുറിച്ചു സംസാരിച്ചത്.

"എന്നെ സംബന്ധിച്ച് അസാധാരണമായ നാലഞ്ച് ആഴ്ചകളാണു കടന്നു പോയതെങ്കിലും മെഡിക്കൽ സ്റ്റാഫ്‌സിനോടുള്ള നന്ദി ഞാൻ അറിയിക്കുന്നു. ഇന്നത്തെ മത്സരത്തിൽ ഞാൻ കളിച്ചതു തന്നെ അത്ഭുതമാണ്. കാരണം എന്റെ ആംഗിൾ ലിഗ്‌മെന്റിനു പരിക്കുണ്ടായിരുന്നു. എന്നാൽ എന്റെ രാജ്യത്തിന് വേണ്ടി കളിക്കുകയെന്നത് ഉത്തരവാദിത്വമാണെന്ന് എനിക്ക് തോന്നി. [ടീമിനു വേണ്ടി] കൂടുതലൊന്നും ചെയ്യാൻ കഴിയാത്തതിൽ ഖേദമുണ്ട്," ബിബിസിയോട് ഡി ബ്രൂയ്ൻ പറഞ്ഞു.

"വിജയം നേടാൻ കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിച്ചുവെന്നാണ് ഞാൻ കരുതുന്നത്. അവർ ഒരു മികച്ച ഗോൾ നേടിയെങ്കിലും ആദ്യത്തേത് ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ്. അവർക്കു കൂടുതൽ പോസെഷൻ ഉണ്ടായിരുന്നു, പക്ഷെ ഞങ്ങൾക്ക് അത്രതന്നെ പന്ത് ലഭിച്ചിരുന്നില്ല. അതൊരു നാണക്കേടാണ്. പുറത്താവുക എല്ലായിപ്പോഴും നിരാശയുമാണ്," ഡി ബ്രൂയ്ൻ കൂട്ടിച്ചേർത്തു.

പോർചുഗലിനെതിരായ മത്സരത്തിലാണ് കെവിൻ ഡി ബ്രൂയ്ൻ പരിക്കേൽക്കുന്നത്. ഇറ്റലിക്കെതിരെ കളിക്കാനിറങ്ങി അത് എത്രത്തോളം ഗുരുതരമായിട്ടുണ്ടെന്ന് താരം മാഞ്ചസ്റ്റർ സിറ്റിയിലെത്തിയതിനു ശേഷമുള്ള പരിശോധനകൾ പൂർത്തിയായാലേ മനസിലാക്കാൻ കഴിയൂ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളംഎന്ന അക്കൗണ്ട് ഫോള്ളോ ചെയ്യുക.

facebooktwitterreddit