മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയിരുന്ന താരം തന്നെയാണു ഹാലൻഡെന്ന് കെവിൻ ഡി ബ്രൂയ്ൻ


നോർവീജിയൻ സ്ട്രൈക്കറായ എർലിങ് ബ്രൂട് ഹാലൻഡിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് കെവിൻ ഡി ബ്രൂയ്ൻ. മാഞ്ചസ്റ്റർ സിറ്റിക്ക് ആവശ്യമുണ്ടായിരുന്ന ഒരു കളിക്കാരനാണ് എർലിങ് ബ്രൂട് ഹാലാൻഡെന്നും താരം ഒരു ടോപ് സ്ട്രൈക്കറാണെന്നും കഴിഞ്ഞ ദിവസം ബെൽജിയൻ താരം പറഞ്ഞു.
അമ്പത്തിയൊന്നു മില്യൺ പൗണ്ടിന്റെ റിലീസിംഗ് ക്ലോസ് നൽകിയാണ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ഹാലൻഡിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. അഗ്യൂറോ ക്ലബ് വിട്ടതിനു ശേഷം ഒരു മികച്ച നമ്പർ 9 ഇല്ലാത്ത മാഞ്ചസ്റ്റർ സിറ്റിക്ക് ഗോളുകൾ അടിച്ചു കൂട്ടാൻ നൈസർഗികമായ കഴിവുള്ള താരത്തിന്റെ സാന്നിധ്യം കൂടുതൽ കരുത്തു നൽകുന്നതാണ്.
Kevin De Bruyne believes Erling Haaland will be a good fit for Man City 🧩 pic.twitter.com/6ZWeDoFFQV
— ESPN UK (@ESPNUK) June 2, 2022
"എർലിങ് ഹാലൻഡ് ഒരു ടോപ് സ്ട്രൈക്കറാണ്. താരം ക്ലബിൽ എത്തിയത് ഒരു ടീമെന്ന നിലയിലുള്ള വളർച്ചക്ക് സഹായിക്കും. എല്ലാവർക്കും ഒരുപാട് പ്രതീക്ഷയുണ്ട്. ഞങ്ങൾ എല്ലായിപ്പോഴും ഒരു നമ്പർ 9നെ തേടുകയായിരുന്നു. ഒരു സീസണിൽ ഇരുപതോ ഇരുപത്തിയഞ്ചോ ഗോളുകൾ നേടാൻ കഴിയുന്ന താരത്തിന്റെ സാന്നിധ്യം ഞങ്ങൾക്ക് നല്ലതാണ്." ഡി ബ്രൂയ്ൻ പറഞ്ഞത് ഗോൾ റിപ്പോർട്ടു ചെയ്തു.
ഈ സീസണിൽ പതിനഞ്ചു ഗോളും എട്ട് അസിസ്റ്റും മാഞ്ചസ്റ്റർ സിറ്റിക്കായി ലീഗിൽ നേടി അവർക്ക് കിരീടം നേടിക്കൊടുക്കാൻ സഹായിച്ച ഡി ബ്രൂയ്നാണ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എർലിങ് ഹാലാൻഡിന്റെ വരവ് കൂടുതൽ മികച്ച പ്രകടനം നടത്താൻ തന്നെ സഹായിക്കുമെന്ന പ്രതീക്ഷയും ഡി ബ്രൂയ്ൻ പ്രകടിപ്പിച്ചു.
"ചിലപ്പോൾ താരത്തിന്റെ വരവ് എന്നെയും സഹായിക്കും. ഈ സീസണിലേക്കാൾ അസിസ്റ്റുകളുള്ള വർഷം എനിക്കുണ്ടായിട്ടുണ്ട്. ചാൻസുകൾ ഉണ്ടാക്കാനും മറ്റു കാര്യങ്ങളും സ്ഥിരതയോടെ നിൽക്കുന്നു. എന്നാൽ കണക്കുകൾ ഫുട്ബോളിന്റെ ഒരു ഭാഗം മാത്രമാണ്, അതൊരിക്കലും മുഴുവൻ കഥയും പറയില്ല." ഡി ബ്രൂയ്ൻ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.