Football in Malayalam

ഡെന്മാർക്കിനെതിരായ വിജയഗോളടിച്ചിട്ടും ആഘോഷം ഒഴിവാക്കിയത് എറിക്‌സനോടുള്ള ബഹുമാനസൂചകമായെന്ന് ഡി ബ്രൂയ്ൻ

Sreejith N
Denmark v Belgium - UEFA Euro 2020: Group B
Denmark v Belgium - UEFA Euro 2020: Group B / Stuart Franklin/Getty Images
facebooktwitterreddit

ഇന്നലെ നടന്ന യൂറോ കപ്പ് മത്സരത്തിൽ ഡെന്മാർക്കിനെതിരെ ബെൽജിയത്തിന്റെ വിജയഗോൾ നേടിയിട്ടും ആഘോഷങ്ങൾ ഒഴിവാക്കിയത് ആരോഗ്യപ്രശ്‌നങ്ങൾ മൂലം ചികിത്സയിലുള്ള ഡാനിഷ് താരം ക്രിസ്റ്റ്യൻ എറിക്‌സനോടുള്ള ബഹുമാനാർത്ഥമെന്നു വ്യക്തമാക്കി കെവിൻ ഡി ബ്രൂയ്ൻ. ഒരു ഗോളിന് പിന്നിലായിരുന്ന ബെൽജിയത്തിനു വേണ്ടി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ സിറ്റി താരമാണ് ഒരു ഗോളും ഒരു അസിസ്റ്റും നേടി ടീമിനെ വിജയത്തിലെത്തിച്ചത്.

പരിക്ക് മൂലം കഴിഞ്ഞ മത്സരം നഷ്ടമായ താരം രണ്ടാം പകുതി ആരംഭിച്ചതോടെയാണ് കളത്തിലിറങ്ങിയത്. ഇറങ്ങി ഒൻപതു മിനുട്ടിനകം തന്നെ തോർഗൻ ഹസാർഡ് നേടിയ ഗോളിന് അസിസ്റ്റ് നൽകാൻ താരത്തിനായി. ഇതിനു ശേഷം എഴുപതാം മിനുട്ടിൽ ബോക്‌സിനരികിൽ നിന്നുള്ള ഒരു ഷോട്ടിലൂടെ ടീമിന്റെ വിജയഗോളും ഡി ബ്രൂയ്ൻ നേടിയെങ്കിലും അത് വലിയ രീതിയിൽ ആഘോഷിക്കാൻ താരം തയ്യാറായിരുന്നില്ല.

"തീർച്ചയായും വിജയഗോൾ നേടിയതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു. ഇവിടെ വളരെയധികം ആഘോഷിക്കുന്നയാളുകളെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നു. ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞുവീണ മൈതാനത്തിന്റെ ഭാഗത്തായതു കൊണ്ടാണ് ഞാൻ ആഘോഷങ്ങൾ ഒഴിവാക്കി സംയമനം പാലിച്ചത്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കെവിൻ ഡി ബ്രൂയ്ൻ പറഞ്ഞു.

യൂറോ കപ്പിലെ ആദ്യ മത്സരത്തിനിടയിൽ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള എറിക്‌സണ് മത്സരത്തിനിടയിലും ബെൽജിയം, ഡെന്മാർക്ക് താരങ്ങൾ പിന്തുണ നൽകിയിരുന്നു. മത്സരം പത്ത് മിനുട്ട് പിന്നിട്ട സമയത്ത് പന്ത് പുറത്തേക്കടിച്ചു കളഞ്ഞ് കളി കുറച്ചു നേരത്തേക്ക് നിർത്തി വെച്ചതിനു ശേഷം എല്ലാ താരങ്ങളും കയ്യടിച്ചാണ് ഇന്റർ മിലാൻ താരത്തിനുള്ള തങ്ങളുടെ പിന്തുണ അറിയിച്ചത്.

facebooktwitterreddit