Football in Malayalam

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കൂടുതൽ കരുത്തു കാണിക്കും, കാരണം വ്യക്തമാക്കി എടികെ താരം വില്യംസ്

Sreejith N
A-League Rd 21 - Central Coast v Wellington
A-League Rd 21 - Central Coast v Wellington / Tony Feder/Getty Images
facebooktwitterreddit

കഴിഞ്ഞ സീസണിലേതിനു സമാനമായി ഇത്തവണയും എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ഐഎസ്എൽ സീസണിലെ ആദ്യ മത്സരത്തിൽ കൊമ്പു കോർക്കുന്നത്. കഴിഞ്ഞ തവണത്തെ ഉദ്ഘാടന മത്സരത്തിൽ റോയ് കൃഷ്‌ണ നേടിയ ഒരേയൊരു ഗോളിൽ ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് വിജയത്തോടെ സീസൺ ആരംഭിക്കാൻ എടികെ മോഹൻ ബഗാന് കഴിഞ്ഞു എങ്കിലും ഇത്തവണ കേരള ടീം കൂടുതൽ കരുത്തു കാണിക്കും എന്നാണു കൊൽക്കത്ത ക്ലബിന്റെ താരമായ ഡേവിഡ് വില്യംസ് പറയുന്നത്.

"നല്ലൊരു ഫിക്സചറാണിത്, കേരള ബ്ലാസ്റ്റേഴ്‌സിന് വലിയൊരു ആരാധകക്കൂട്ടം ഉള്ളതു കൊണ്ട് അവർക്കിത് പ്രധാനപ്പെട്ടതും, ആവേശകരവുമായ മത്സരം ആയിരിക്കും. ഞങ്ങൾ തയ്യാറെടുത്തു കൊണ്ടിരിക്കയാണ്, അവരും തയ്യാറെടുക്കുകയാണ്. അവർ ആഴ്ചകൾക്കു മുൻപു തന്നെ പരിശീലനം ആരംഭിച്ചതിനാൽ മുഴുവൻ തയ്യാറെടുപ്പും പൂർത്തിയാക്കി കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഈ സീസണിൽ കൂടുതൽ മികവു കാണിക്കുമെന്നാണ് തോന്നുന്നത്."

"സ്‌ക്വാഡ് പരിഗണിക്കുമ്പോൾ മികച്ച പ്രകടനം നടത്തേണ്ടിയിരുന്ന അവർ നിരാശരാക്കുകയാണ് ചെയ്‌തത്‌. എന്നാലിപ്പോൾ നേരത്തെ തിരിച്ചെത്തി, ടീം ഒരുമിച്ച് പരിശീലനം തുടങ്ങിയത് ഒരു വലിയ ക്ലബ്ബിനെ സംബന്ധിച്ച് അനുകൂലമായ മാറ്റമാണ് ഉണ്ടാക്കുക. ഞങ്ങൾ ആദ്യ മത്സരത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കയാണ്," താരം ഇന്ത്യൻ സൂപ്പർ ലീഗിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

വില്യംസ് ആദ്യമായി ഐഎസ്എല്ലിൽ കളിച്ച മത്സരം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയിലായിരുന്നു. 2019-20 സീസണിലെ ആ മത്സരത്തെക്കുറിച്ചും താരം പറഞ്ഞു. "എന്റെ ആദ്യ സീസണിൽ ഞാൻ കേരളത്തിൽ കളിക്കാൻ വന്നത് ഇപ്പോഴും ഓർക്കുന്നുണ്ട്. ആ അന്തരീക്ഷവും ആവേശവും എന്നെ അത്ഭുതപ്പെടുത്തി. വലിയൊരു കൂട്ടം കാണികളാണ് അന്നുണ്ടായത്, കഴിഞ്ഞ സീസണിൽ അതു കാണാൻ കഴിഞ്ഞില്ലെന്നത് വലിയ നിരാശ തന്നെയാണ്."

കളിക്കാർക്കും ആരാധകരില്ലാതെ കളത്തിലിറങ്ങുന്നത് സന്തോഷമില്ലാത്ത കാര്യമാണെന്നും എന്നാൽ ടിവിയിൽ ആവേശം നൽകുന്ന മത്സരം കാഴ്‌ച വെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം പറഞ്ഞു. കഴിഞ്ഞ സീസണിൽ ഫൈനലിൽ തോറ്റത് ടീമിനൊരു പാഠമാണെന്നും അതിൽ നിന്നും തെറ്റുകൾ തിരുത്താൻ കഴിയുമെന്നും താരം കൂട്ടിച്ചേർത്തു.


facebooktwitterreddit