ബ്രസീലിയൻ താരം ഡേവിഡ് ലൂയിസ് ഇറ്റാലിയൻ വമ്പന്മാരുടെ തട്ടകത്തിലെത്താൻ സാധ്യത


ചെൽസിയുടെയും ആഴ്സണലിന്റെയും മുൻ താരമായ ഡേവിഡ് ലൂയിസ് യൂറോപ്പിലേക്ക് തിരിച്ചെത്തുന്നു. മുപ്പത്തിയഞ്ചു വയസുള്ള പ്രതിരോധതാരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന ക്ലബായ ഫ്ളമങ്ങോ ഇറ്റാലിയൻവമ്പന്മാരായ ഇന്റർ മിലാന് താരത്തെ ഓഫർ ചെയ്തുവെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു.
ആഴ്സണലിൽ നിന്നും 2021ലാണ് ഡേവിഡ് ലൂയിസ് ബ്രസീലിയൻ ക്ലബ്ബിലേക്ക് ചേക്കേറുന്നത്. ഒരു വർഷം ബ്രസീലിയൻ ക്ലബിനു വേണ്ടി ബൂട്ട് കെട്ടിയ താരത്തെ സ്വന്തമാക്കാൻ ഓഫർ നൽകുന്ന കാര്യത്തെക്കുറിച്ച് ഇന്റർ മിലാൻ ചിന്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒന്നര വർഷത്തെ കരാറിൽ ബ്രസീലിലെത്തിയ ഡേവിഡ് ലൂയിസിന് പരിക്കു മൂലം ക്ലബിലെ സ്ഥിരസാന്നിധ്യമാകാൻ കഴിഞ്ഞില്ലായിരുന്നു. കോപ്പ ലിബർട്ടഡോസിൽ ഏതാനും മത്സരങ്ങൾ കളിച്ച താരം യുവതാരങ്ങൾക്ക് തന്റെ കഴിവും അനുഭവസമ്പത്തും പകർന്നു നൽകാനാണ് ക്ലബിലെ സമയം ഉപയോഗിച്ചത്.
ഈ വർഷാവസാനം കരാർ അവസാനിക്കും എന്നിരിക്കെയാണ് ഡേവിഡ് ലൂയിസിനെ ഫ്ളമങ്ങോ ഇന്റർ മിലാന് ഓഫർ ചെയ്തത്. താരത്തെ സ്വന്തമാക്കുന്ന കാര്യം ഇന്റർ പരിഗണിച്ചാൽ യൂറോപ്പിലെ വമ്പൻ ലീഗുകളിൽ ഒന്നായ സീരി എയിലേക്ക് താരത്തിന് തിരിച്ചുവരാൻ അവസരമൊരുങ്ങും.
ഇതിനു മുൻപ് മൂന്നു യൂറോപ്യൻ ക്ലബുകളിൽ മാത്രമാണ് ഡേവിഡ് ലൂയിസ് തന്റെ കരിയറിൽ ബൂട്ടു കെട്ടിയിട്ടുള്ളത്. ചെൽസിയിൽ രണ്ടു തവണയായി കളിച്ചിട്ടുള്ള താരം പിഎസ്ജി, ആഴ്സണൽ എന്നീ ടീമുകൾക്കു വേണ്ടിയും കളത്തിലിറങ്ങി. യൂറോപ്പിൽ എത്തി മികച്ച പ്രകടനം നടത്തിയാൽ ബ്രസീൽ ലോകകപ്പ് ടീമിൽ താരത്തിന് അവസരം ലഭിക്കാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.