'അത് അവിശ്വസനീയമായിരുന്നു' - കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിലെ അന്തരീക്ഷത്തെ പുകഴ്ത്തി ഡേവിഡ് ജെയിംസ്

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ അന്തരീക്ഷത്തെ പുകഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനും ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും താരമായിരുന്ന ഡേവിഡ് ജെയിംസ്. കരിയറില്‍ ഏറ്റവും മികച്ച സ്റ്റേഡിയം അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ജെയിംസ് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രശംസിച്ചത്.
1988 മുതല്‍ 2014 വരെയുള്ള കരിയറില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ഇംഗ്ലണ്ടിലെ പ്രമുഖ ടീമുകള്‍ക്ക് വേണ്ടിയും 1997 മുതല്‍ 2010 വരെ ഇംഗ്ലണ്ട് ദേശീയ ടീമിലും കളിച്ച ജെയിംസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിലെ അന്തരീക്ഷത്തെ പുകഴ്ത്തിയത്.
കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചപ്പോഴുള്ള അന്തരീക്ഷമാണ് കരിയറില്‍ ഏറ്റവും മികച്ചതെന്നായിരുന്നു ജെയിംസ് വ്യക്തമാക്കിയത്. 2014ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനും കളിക്കാരനുമായിട്ടായിരുന്നു ജെയിംസ് കേരളത്തിലെത്തിയത്. പിന്നീട് 2018ല്‍ പരിശീലക വേഷത്തിലായിരുന്നു ജെയിംസ് രണ്ടാം തവണയും കേരള ബ്ലാസ്റ്റേഴ്സിനൊപ്പ ചേര്‍ന്നത്.
"ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു മത്സരത്തില്‍ 60,000ത്തിലധികം കാണികളുണ്ടായിരുന്നു. മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് തന്നെ അത് (സ്റ്റേഡിയം) ഒരു ശബ്ദത്തിന്റെ മതിലായിരുന്നു. കളിക്കിടയിലും മത്സരത്തിന് ശേഷവും അത് ഒരു ശബ്ദത്തിന്റെ മതിലായിരുന്നു. വളരെക്കാലത്തിനിടയിൽ ഇത്രയും ആരവത്തിനിടയില്‍ ഞാന്‍ ഫുട്ബോള്‍ കളിച്ചിട്ടില്ല. അത് അവിശ്വസനീയവും ആശ്ചര്യാജനകവുമായിരുന്നു," ജെയിംസ് ഗോൾ ഡോട്ട് കോമിനോട് പറഞ്ഞു.
"ഞാന്‍ കളിച്ചിട്ടുള്ള എല്ലാ ക്ലബുകളിലെയും അന്തരീക്ഷം മനോഹരമാണ്. എന്നാല്‍ ലോകത്തിലെ മറ്റെവിടെയും പോലെ ഇന്ത്യയിലും ഫുട്ബോള്‍ ആവേശഭരിതമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്," ജെയിംസ് കൂട്ടിച്ചേര്‍ത്തു.