റയല്‍ മാഡ്രിഡിലേക്ക് ചേക്കാറാന്‍ പല സൗകര്യങ്ങളും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്; ഡേവിഡ് അലാബ

Haroon Rasheed
Real Madrid v Cadiz FC - La Liga Santander
Real Madrid v Cadiz FC - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

റയല്‍ മാഡ്രിഡിലേക്ക് ചേക്കാറാന്‍ പല സൗകര്യങ്ങളും ത്യജിക്കേണ്ടി വന്നിട്ടുണ്ടെന്ന് സ്പാനിഷ് ക്ലബിന്റെ പ്രതിരോധ താരം ഡേവിഡ് അലാബ. കുറിയറിന് നല്‍കിയ അഭിമുഖത്തിലാണ് അലാബ ഇക്കാര്യം വ്യക്തമാക്കിയത്.

"നീണ്ട 13 വര്‍ഷം അവിടെയായിരുന്നു, അത് (ബയേണ്‍) എന്റെ രണ്ടാമത്തെ വീടായിരുന്നു. ആ ക്ലബിലും ടീമിലും എനിക്ക് പ്രധാന റോളുണ്ടായിരുന്നു. എനിക്ക് മ്യൂണിക്കിനെ അടിമുടി അറിയാമായിരുന്നു. അവിടെ ഒരുപാട് സുഹൃത്തുക്കളുണ്ടെനിക്ക്. റയല്‍ മാഡ്രിഡിലേക്ക് വരുന്നതിനായി എനിക്ക് ഒരുപാട് സൗകര്യങ്ങള്‍ ഉപക്ഷിക്കേണ്ടി വന്നിട്ടുണ്ട്," അലാബ വ്യക്തമാക്കി.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലായിരുന്നു ഫ്രീ ട്രാന്‍സ്ഫറില്‍ ഓസ്ട്രിയന്‍ താരം ബയേണ്‍ മ്യൂണിക്ക് വിട്ട് റയല്‍ മാഡ്രിഡിലെത്തിയത്. അതേ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിട്ട സെര്‍ജിയോ റാമോസ്, റാഫേല്‍ വരാനെ എന്നിവര്‍ക്ക് പകരക്കാരനായിട്ടായിരുന്നു റയൽ മാഡ്രിഡ് അലാബയെ ടീമിലെത്തിച്ചത്.

2021 തനിക്ക് ആവേശകരമായ വര്‍ഷമായിരുന്നെന്നും വികാരനിർഭരമായ വര്‍ഷമായിരുന്നെന്നും വിശദീകരിച്ച അലാബ റയല്‍ മാഡ്രിഡിലെ ഇത് വരെയുള്ള തന്റെ അനുഭവത്തെ കുറിച്ചും സംസാരിച്ചു.

"ഡ്രസിങ് റൂമിലെ ഒരുപാട് പേര്‍ ഇംഗ്ലീഷ് സംസാരിക്കാത്തവരാണ്. അത് എന്നെ സ്പാനിഷ് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു," അലാബ തമാശയായി പറഞ്ഞു.

കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയല്‍ മാഡ്രിഡിലെത്തിയ അലാബ സ്‌പാനിഷ്‌ ക്ലബിനായി 23 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. സ്പാനിഷ് വമ്പന്‍മാര്‍ക്ക് വേണ്ടി രണ്ട് ഗോളും താരം നേടിയിട്ടുണ്ട്. 2009 മുതല്‍ 2021 ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന് വേണ്ടി കളിച്ച ശേഷമായിരുന്നു അലാബ സ്‌പെയിനിലേക്ക് ചേക്കേറിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit