ഡേവിഡ് അലാബ റയൽ മാഡ്രിഡിൽ മികച്ച നിലവാരം കൊണ്ടു വരുമെന്ന് ഉറപ്പുള്ളതായി ടോണി ക്രൂസ്


വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്കിൽ നിന്ന് റയൽ മാഡ്രിഡിലെത്തുമെന്ന് കരുതപ്പെടുന്ന ഓസ്ട്രിയൻ സൂപ്പർ താരം ഡേവിഡ് അലാബയെ പ്രശംസിച്ച് റയലിന്റെ സൂപ്പർ താരമായ ടോണി ക്രൂസ്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കവെ ബയേണിൽ പണ്ട് തനിക്കൊപ്പം കളിച്ചിട്ടുള്ള അലാബക്ക് റയൽ മാഡ്രിഡിൽ ഉന്നതനിലവാരം പുറത്തെടുക്കാൻ കഴിയുമെന്ന് ക്രൂസ് അഭിപ്രായപ്പെട്ടു.
""റയൽ മാഡ്രിഡിലേക്ക് അദ്ദേഹം (ഡേവിഡ് അലാബ) മികച്ച നിലവാരം കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. റയൽ മാഡ്രിഡുമായി ബന്ധപ്പെട്ട് അലാബയുടെ പേര് ഞാൻ വായിച്ചു. പക്ഷേ എനിക്ക് ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല. ബയേണിൽ കളി ആരംഭിക്കുന്ന (സ്റ്റാർട്ടർ) ആർക്കും റയൽ മാഡ്രിഡിലും കളിക്കാനുള്ള നിലവാരമുണ്ടാകും. അത് വ്യക്തമാണ്. പക്ഷേ എന്താണ് സംഭവിക്കുകയെന്നത് നമുക്ക് കാത്തിരുന്നു കാണാം." "
- ടോണി ക്രൂസ്
കഴിഞ്ഞ ഏഴ് വർഷങ്ങളായി അലാബക്കൊപ്പം താൻ കളിച്ചിട്ടില്ലെന്നും അതാണ് നിലവിലെ ഒരേയൊരു പ്രശ്നമെന്നും സംസാരത്തിനിടെ ചൂണ്ടിക്കാട്ടിയ ക്രൂസ്, 2021-22 സീസണ് മുന്നോടിയായി അദ്ദേഹം റയലിലെത്തുമെന്നുള്ള ശക്തമായ സൂചനകളാണ് പുറത്ത് വിടുന്നത്. അതേ സമയം സൂപ്പർ താരങ്ങളായ സെർജിയോ റാമോസ്, റാഫേൽ വരാനെ എന്നിവർ ഈ സീസണിന് ശേഷം റയൽ മാഡ്രിഡ് വിടാനുള്ള സാധ്യതകൾ ശക്തമായിരിക്കുന്നതിനാൽ അലാബയെ സ്വന്തമാക്കേണ്ടത് വരും സമ്മറിൽ റയലിന്റെ പ്രധാന മുൻഗണനയിലുള്ള കാര്യമായി മാറിയിട്ടുണ്ട്.
Kroos: "If Alaba is a starter at Bayern, he will surely provide the necessary quality to also play for Madrid. That is clear, but we will see what happens in the end. I haven't played with him for almost 7 years. I find it difficult to know what you think about this." #rmlive ??
— Los Blancos Live (@blancoslive) February 22, 2021
നേരത്തെ 2010ൽ ബയേൺ മ്യൂണിക്കിന്റെ സീനിയർ ടീമിലെത്തിയ അലാബ 11 വർഷം അവർക്കൊപ്പം ചിലവഴിച്ചതിന് ശേഷമാണ് ഇപ്പോൾ ക്ലബ്ബ് മാറാൻ തയ്യാറെടുക്കുന്നത്. എന്നാൽ ഈ സമ്മറിൽ ബയേണുമായുള്ള കരാർ അവസാനിക്കുന്ന അലാബ തന്റെ ഭാവി തട്ടകം ഏതാണെന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വരുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.