റയലും ബയേണും തമ്മിൽ സാമ്യതയുണ്ട്, ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയുള്ള ടീമുകളെയും വെളിപ്പെടുത്തി അലബ

FC Barcelona v Real Madrid CF - La Liga Santander
FC Barcelona v Real Madrid CF - La Liga Santander / David Ramos/GettyImages
facebooktwitterreddit

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു ക്ലബുകളാണ് റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും. അച്ചടക്കത്തോടു കൂടി ക്ലബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോവുകയും തങ്ങൾ മുന്നോട്ടു വെക്കുന്ന ഫിലോസഫിയിൽ അടിയുറച്ചു നിൽക്കുകയും ചെയ്യുന്ന ഈ രണ്ടു ക്ലബുകളും അതിന്റെ ഭാഗമായി ആഭ്യന്തര ലീഗിലും യൂറോപ്പിലും നിരവധി കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

തങ്ങളുടെ ലീഗിൽ വളരെയധികം ആധിപത്യം പുലർത്തുന്ന ഈ രണ്ടു ക്ലബുകളും തമ്മിൽ സാമ്യതയുണ്ടെന്നാണ് ബയേൺ മ്യൂണിക്കിൽ നിന്നും ഈ സമ്മറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഓസ്ട്രിയൻ പ്രതിരോധതാരം ഡേവിഡ് അലബ പറയുന്നത്. ബയേൺ മ്യൂണിക്കുമായുള്ള കരാർ അവസാനിച്ചതിനു ശേഷം ഫ്രീ ട്രാൻസ്‌ഫറിൽ റയലിലെത്തിയ അലബ കിക്കറിനോട് സംസാരിക്കുമ്പോഴാണ് റയൽ, ബയേൺ എന്നിവരെ താരതമ്യം ചെയ്‌തത്‌.

"റയൽ മാഡ്രിഡിനെപ്പോലെ തന്നെ ബയേൺ മ്യൂണിക്കും ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നാണ്. രണ്ടു ടീമുകളും വിജയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ബയേൺ മ്യൂണിക്കിനോടുള്ള എല്ലാ ബഹുമാനത്തോട് കൂടിയും പറയട്ടെ, റയൽ മാഡ്രിഡ് കുറച്ചു കൂടി വലുതാണെന്നു മാത്രം." പതിമൂന്നു വർഷം ബയേൺ മ്യൂണിക്കിൽ ചിലവഴിച്ചിട്ടുള്ള താരം പറഞ്ഞു.

ഇതിനു മുൻപ് ബയേൺ മ്യൂണിക്കിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയ മറ്റൊരു താരമായ ടോണി ക്രൂസ് തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അലബ പറഞ്ഞു. അതിനു പുറമെ ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ള ടീമുകളെപ്പറ്റിയും താരം പറഞ്ഞു.

"ബയേൺ മ്യൂണിക്കിന് തീർച്ചയായും സാധ്യതയുണ്ട്. ലിവർപൂളും കരുത്തരാണ്. ചെൽസി, പിഎസ്‌ജി എന്നിവരും അതിൽ ഉൾപ്പെടുന്നു. ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തണമെങ്കിൽ ഒരുപാട് ദൂരം മുന്നോട്ടു പോകാനുണ്ട്." അലബ പറഞ്ഞു.