ഡാർവിൻ നുനസ് ലിവർപൂളിൽ എത്തിയതോടെ ട്രാൻസ്ഫർ പദ്ധതികൾ മാറ്റാൻ നിർബന്ധിതനായി എറിക് ടെൻ ഹാഗ്


ബെൻഫിക്ക താരമായിരുന്ന ഡാർവിൻ നുനസ് ലിവർപൂളിലേക്ക് ചേക്കേറിയതോടെ ട്രാൻസ്ഫർ പദ്ധതികൾ മാറ്റാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാജി നിർബന്ധിതനായി എന്നു റിപ്പോർട്ടുകൾ. മുപ്പത്തിയേഴു വയസുള്ള റൊണാൾഡോക്ക് ദീർഘകാലത്തേക്കുള്ള പകരക്കാരാണെന്ന നിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യം യുറുഗ്വായ് താരമായിരുന്നു.
64 മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫറിലാണ് ഡാർവിൻ നുനസ് പോർച്ചുഗീസ് ക്ലബിൽ നിന്നും ലിവർപൂളിലേക്ക്ചേക്കേറിയത്. ആഡ് ഓണുകൾ പരിഗണിക്കുമ്പോൾ എൺപത്തിയഞ്ചു മില്യനെന്ന ക്ലബിന്റെ റെക്കോർഡ് ട്രാൻസ്ഫർ തുകയിലേക്ക് അതുയരാൻ സാധ്യതയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് താരത്തിൽ വളരെയധികം താൽപര്യം ഉണ്ടായിരുന്നെങ്കിലും ലിവർപൂളാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് നുനസ് ഉറപ്പിച്ചിരുന്നു.
റൊണാൾഡോക്ക് പകരക്കാരനാവാൻ യോജിച്ച താരത്തെ നഷ്ടമായതോടെ ട്രാൻസ്ഫർ പദ്ധതികളിൽ മാറ്റം വരുത്തിയ എറിക് ടെൻ ഹാഗ് ഇപ്പോൾ പല പൊസിഷനുകളിൽ കളിക്കാൻ കഴിയുന്നൊരു മുന്നേറ്റനിര താരത്തെയാണ് നോട്ടമിടുന്നതെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ രീതിയിലും ക്ലബിന് അനുയോജ്യമായൊരു നമ്പർ 9 താരം ട്രാൻസ്ഫർ വിപണിയിൽ ഇല്ലെന്നതും തന്റെ പദ്ധതികളിൽ മാറ്റം വരുത്താൻ എറിക് ടെൻ ഹാഗിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം അയാക്സിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരം ആന്റണിയാണ് എറിക് ടെൻ ഹാഗിന്റെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായി ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. എന്നാൽ അയാക്സ് ആവശ്യപ്പെടുന്ന 68 മില്യൺ പൗണ്ട് നൽകാൻ ക്ലബ് തയ്യാറല്ല. ഇതിനു പുറമെ ബാഴ്സലോണ താരം ഫ്രങ്കീ ഡി ജോംഗ്, ഡാനിഷ് താരം ക്രിസ്റ്റ്യൻ എറിക്സൺ എന്നിവർക്കു വേണ്ടിയും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ട്. അയാക്സ് ഡിഫെൻഡർമാരായ ജൂലിയൻ ടിംബർ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരിൽ ഒരാളെയും ടെൻ ഹാഗ് ലക്ഷ്യമിടുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.