ചാമ്പ്യൻസ് ലീഗിൽ കളിക്കണം, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ തഴഞ്ഞ് ഡാർവിൻ നുനസ്


മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുത്ത സമ്മറിൽ ചേക്കേറാനുള്ള ഓഫർ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുടെ യുറുഗ്വായ് സ്ട്രൈക്കർ ഡാർവിൻ നുനസ് നിരസിച്ചുവെന്ന് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബ്ബിലേക്ക് ചേക്കേറാനുള്ള താൽപര്യം കൊണ്ടാണ് നുനസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ തഴഞ്ഞതെന്ന് ആർഎംസി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.
ഇരുപത്തിരണ്ടുകാരനായ നുനസ് ഈ സീസണിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ നേടിയ ആറെണ്ണമടക്കം ഈ സീസണിൽ 32 ഗോളുകൾ താരം പോർച്ചുഗീസ് ക്ലബിനായി നേടിയിട്ടുണ്ട്. താരത്തിന്റെ മികച്ച പ്രകടനം യൂറോപ്പിലെ നിരവധി ക്ലബുകളുടെ ശ്രദ്ധയാകർഷിക്കുന്നുമുണ്ട്.
ആർഎംസി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡാർവിൻ നുനസിന്റെ റിലീസിംഗ് ക്ലോസായ എൺപതു മില്യൺ യൂറോ നൽകാൻ തയ്യാറാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബ്ബിലേക്ക് പോകാനുള്ള താൽപര്യം കൊണ്ട് യുറുഗ്വായ് താരം അതു നിരസിക്കുകയാണ് ഉണ്ടായത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറമെ പ്രീമിയർ ലീഗിലെ പുതിയ സാമ്പത്തിക ശക്തികളായ ന്യൂകാസിൽ യുണൈറ്റഡും താരത്തിനു വേണ്ടി ശ്രമം നടത്തിയെങ്കിലും ഇതേ കാരണം കൊണ്ട് അതും നുനസ് തള്ളിക്കളഞ്ഞു. നിലവിൽ ആഴ്സണൽ, പിഎസ്ജി എന്നീ ക്ളബുകൾക്കും താരത്തിൽ താൽപര്യമുണ്ട്.
പ്രീമിയർ ലീഗിലെ അവസാന റൌണ്ട് മത്സരം പൂർത്തിയാകുന്ന സമയത്ത് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ ആഴ്സണലിനും നുനസിനെ നഷ്ടമാകും എന്നുറപ്പാണ്. അങ്ങിനെയെങ്കിൽ എംബാപ്പെ ക്ലബ് വിട്ടാൽ പിഎസ്ജിയിലേക്ക് തന്നെയാകും താരമെത്തുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.