Football in Malayalam

മെസി, നെയ്‌മർ, എംബാപ്പെ സഖ്യത്തെ തടുക്കാനുള്ള എളുപ്പവഴി അവർ കളിക്കില്ലെന്നു കരുതുകയാണെന്ന് ബ്രസീലിയൻ താരം ഡാന്റെ

Sreejith N
Olympique De Marseille v Paris Saint Germain
Olympique De Marseille v Paris Saint Germain / Arnold Jerocki/GettyImages
facebooktwitterreddit

മെസി, നെയ്‌മർ, എംബാപ്പെ എന്നീ ലോകോത്തര താരങ്ങൾ അടങ്ങിയ പിഎസ്‌ജി മുന്നേറ്റനിരയെ തടുക്കാനുള്ള എളുപ്പവഴി അവർ കളിക്കില്ലെന്നു കരുതുകയാണെന്ന് ബ്രസീലിയൻ പ്രതിരോധ താരവും ഫ്രഞ്ച് ക്ലബായ നീസിന്റെ നായകനുമായ ഡാന്റെ. മെസി കൂടിയെത്തിയതോടെ യൂറോപ്പിലെ തന്നെ ഏറ്റവും ശക്തമായ മുന്നേറ്റനിരയെന്ന ഖ്യാതി സ്വന്തമാക്കിയ പിഎസ്‌ജിയെ കുറിച്ച് സംസാരിക്കുകയായിരുന്നു മുപ്പത്തിയെട്ടുകാരനായ താരം.

"ഒരുപക്ഷെ അവരിൽ ഒന്നോ രണ്ടോ പേർ കളിക്കാതിരിക്കുന്നത് ഗുണം ചെയ്‌തേക്കും." മെസി, നെയ്‌മർ, എംബാപ്പെ സഖ്യത്തെ നേരിടുന്നതിനെക്കുറിച്ച് ഡാന്റെ പറഞ്ഞു. "അതിനു മാന്ത്രിക ഫോർമുലകൾ ഒന്നുമില്ല. നിങ്ങളെല്ലാവരും വ്യക്തിത്വവും ധൈര്യവും കാണിക്കുകയാണ് പ്രധാനമായി വേണ്ടത്."

"ആക്രമണോത്സുകതയോടെ കളിക്കാനും ഈ താരങ്ങളെ വെല്ലുവിളിക്കാനുമുള്ള മനോധൈര്യമുണ്ടാവണം. അവർക്കെതിരെ നിഷ്ക്രിയരാകുന്നത് ഒഴിവാക്കുക, ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു ടീമായി കളിക്കുക, ഉറച്ചു നിന്നു പൊരുതുക. അവരെപ്പോലെയുള്ള മൂന്നു പേർക്കെതിരെ പോരാടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഉപയോഗിക്കേണ്ട ശരിയായ വാക്കുകൾ ധൈര്യവും വ്യക്തിത്വവും ആണെന്നു ഞാൻ കരുതുന്നു." ഡാന്റെ പറഞ്ഞു.

കഴിഞ്ഞ സീസണിലേറ്റ പരിക്കിനു ശേഷം ഒൻപതു മാസങ്ങളോളം നഷ്‌ടമായത്‌ തനിക്ക് പലതും പഠിക്കാനുള്ള സമയം നൽകിയെന്നും ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ള ഡാന്റെ പറഞ്ഞു. നിലവിൽ പരിക്കു മാറി തിരിച്ചെത്തിയ താരം ഈ സീസണിൽ പത്തു മത്സരങ്ങൾ നീസിനു വേണ്ടി കളിച്ചിട്ടുണ്ട്.

നിലവിൽ ഫ്രഞ്ച് ലീഗിൽ പിഎസ്‌ജി, ലെൻസ് എന്നിവർക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് നീസ് നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം നേടിയ ലില്ലെ ടീമിന്റെ പരിശീലകനായിരുന്ന ക്രിസ്റ്റഫെ ഗാൾട്ടിയാർ നയിക്കുന്ന നീസ് ഡിസംബറിലാണ് പിഎസ്‌ജിയുമായി ഏറ്റുമുട്ടുന്നത്.


facebooktwitterreddit