"നമ്മൾ ജയിക്കും"- ലോകകപ്പ് യോഗ്യത മത്സരത്തിലെ തിരിച്ചുവരവിനു മുൻപുള്ള റൊണാൾഡോയുടെ വാക്കുകൾ വെളിപ്പെടുത്തി ഡാനിലോ


അയർലണ്ടിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗൽ നടത്തിയ അവിശ്വസനീയ തിരിച്ചുവരവിനു മുൻപ് റൊണാൾഡോ ടീമിലെ താരങ്ങൾക്കു നൽകിയ ആത്മവിശ്വാസം വെളിപ്പെടുത്തി ദേശീയ ടീമിലെ സഹതാരവും പിഎസ്ജി മിഡ്ഫീൽഡറുമായ ഡാനിലോ പെരേര. സെപ്തംബറിൽ പോർചുഗലിലെ അൽഗ്രെവിൽ നടന്ന മത്സരത്തിനിടെ നടന്ന സംഭവം ഒരിക്കലും തോൽക്കാൻ തയ്യാറാവാത്ത താരത്തിന്റെ മനോഭാവം വെളിപ്പെടുത്തുന്നതു കൂടിയാണ്.
മത്സരത്തിന്റെ നാൽപത്തിയഞ്ചാം മിനുട്ടിൽ ജോൺ എഗൻ നേടിയ ഗോളിൽ എൺപത്തിയെട്ടു മിനുട്ടു വരെയും മുന്നിൽ നിന്നിരുന്ന അയർലൻഡ് വിജയം ഉറപ്പിച്ച സമയത്താണ് എട്ടു മിനുറ്റിനിടെ രണ്ടു ഗോളുകൾ നേടി റൊണാൾഡോ പോർച്ചുഗലിനു വിജയം സമ്മാനിക്കുന്നത്. ആ ഗോളുകൾ നേടുന്നതിനു തൊട്ടു മുൻപേ സഹതാരങ്ങൾക്ക് താരം ആത്മവിശ്വാസം നൽകിയതിനെ കുറിച്ചാണ് ഡാനിലോ വെളിപ്പെടുത്തിയത്.
"തൊണ്ണൂറു മിനുട്ട് പൂർത്തിയാകാൻ രണ്ടു മിനുട്ടു മാത്രം ശേഷിക്കെ റൊണാൾഡോ വെള്ളം കുടിക്കാൻ ബെഞ്ചിനരികിൽ വന്നിരുന്നു. അതിനു ശേഷം താരം 'വിഷമിക്കേണ്ട, നമ്മൾ വിജയിക്കും' എന്നു പറഞ്ഞു. ഞാനതു കണ്ടതാണ്. ഞാൻ സ്റ്റേഡിയം സ്ക്രീനിലേക്കു നോക്കിയപ്പോൾ എൺപത്തിയെട്ടു മിനുട്ടായിരുന്നു സമയം."
"ഞാൻ കരുതി: എന്ത്? പക്ഷെ ഒന്നും പറഞ്ഞില്ല. എന്നാൽ അടുത്ത നിമിഷം തന്നെ ഞങ്ങൾ സമനില ഗോൾ നേടി. അവസാനം ഞങ്ങൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു. റൊണാൾഡോ തന്നെയാണ് രണ്ടു ഗോളുകളും നേടിയത്. കളിയുടെ എൺപത്തിയൊമ്പതാം മിനുട്ടിലും തൊണ്ണൂറ്റിയാറാം മിനുട്ടിലും." ഔസ്റ്റ് ഫ്രാൻസിനു നൽകിയ അഭിമുഖത്തിൽ ഡാനിലോ പറഞ്ഞു.
ആ മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയതോടെ ദേശീയ ടീമിനു വേണ്ടി 111 ഗോളുകൾ കുറിച്ച റൊണാൾഡോ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. മാർച്ചിൽ നടക്കുന്ന ലോകകപ്പ് പ്ലേ ഓഫിലും സമാനമായൊരു പ്രകടനം തന്നെയാണ് താരത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.