ഖത്തർ ലോകകപ്പിനു ശേഷം വിരമിച്ചേക്കുമെന്ന നെയ്‌മറുടെ വാക്കുകൾ കുഴപ്പം സൃഷ്‌ടിച്ചുവെന്ന് ബ്രസീലിയൻ സഹതാരം ഡാനിലോ

Sreejith N
FBL-WC-2018-BRA-TRAINING
FBL-WC-2018-BRA-TRAINING / MAURO PIMENTEL/GettyImages
facebooktwitterreddit

ഖത്തറിൽ വെച്ച് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് തന്റെ അവസാന ലോകകപ്പായേക്കാമെന്ന നെയ്‌മറുടെ വാക്കുകൾ വളരെയധികം സങ്കീർണതയും കുഴപ്പങ്ങളും സൃഷ്‌ടിച്ചുവെന്ന് ബ്രസീലിയൻ സഹതാരം ഡാനിലോ. മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്‌തമായി നെയ്‌മർ പറയുന്ന ഓരോ വാക്കുകളും വിവാദങ്ങൾ സൃഷ്‌ടിക്കുന്ന തരത്തിലേക്ക് മാറുന്നുണ്ടെന്നും ഡാനിലോ ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബറിൽ ഡിഎസെഡ്എന്നിനു നൽകിയ അഭിമുഖത്തിലാണ് നെയ്‌മർ ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന സൂചനകൾ നൽകിയത്. അതിനു ശേഷം ഫുട്ബോളിൽ തന്നെ തുടരാനുള്ള കരുത്ത് തനിക്കുണ്ടാകുമെന്ന ഉറപ്പില്ലെന്നും നെയ്‌മർ പറഞ്ഞതിനെപ്പറ്റി തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു ഡാനിലോ.

"അതു സങ്കീർണമായ കാര്യമാണ്. മറ്റു ടീമുകളിൽ നിന്നുള്ള താരങ്ങളും ഇതേ വിഷയം സംസാരിച്ചിട്ടുണ്ട്. ടോണി ക്രൂസ് സമീപകാലത്താണ് ജർമൻ ദേശീയ ടീമിൽ നിന്നും വിരമിച്ചത്. അതു നെയ്‌മർ പറഞ്ഞപ്പോഴുണ്ടായത്ര വിവാദം ഉയർത്തിയില്ല," ഗോളിനോട് സംസാരിക്കുമ്പോൾ ഡാനിലോ പറഞ്ഞു.

"നെയ്‌മർ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, എന്നാൽ താരം അതു പറഞ്ഞിട്ടുണ്ടെങ്കിൽ, അതിനു സ്വന്തമായ കാരണങ്ങളും ഉണ്ടാവും. തീർച്ചയായും അവനൊപ്പം ജോലി ചെയ്യുന്നവർ അതേക്കുറിച്ച് ചിന്തിക്കുകയും വിശകലനം നടത്തുകയും ചെയ്യും."

"ഇതു വളരെ വ്യക്തിപരമായ കാര്യമാണ്, അഭിപ്രായം പറയുക ഒട്ടും എളുപ്പമല്ല. കാരണം താരത്തിനുണ്ടാകുന്ന തോന്നലുകൾ ഒരിക്കലും അതുപോലെ എനിക്ക് തോന്നുകയില്ല. ഞാൻ കരുതുന്നത് നെയ്മർ ഞങ്ങൾക്കൊപ്പം വളരെക്കാലം ഉണ്ടാകുമെന്നാണ്, അവൻ ഞങ്ങൾക്കൊപ്പം കളിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്," ഡാനിലോ വ്യക്തമാക്കി.

എഴുപതു ഗോളുകൾ നേടി പെലെക്ക് ഏഴു ഗോൾ മാത്രം പിന്നിൽ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി നിൽക്കുന്ന നെയ്‌മർക്കെതിരെ പല വിമർശനങ്ങളും ഓരോ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അടുത്തറിയുന്ന ആളുകൾക്ക് നെയ്‌മർക്ക് ഫുട്ബോളിനോടുള്ള ആത്മാർഥത മനസിലാക്കാൻ കഴിയുമെന്നും ഡാനിലോ കൂട്ടിച്ചേർത്തു.


facebooktwitterreddit