ദേശസ്നേഹമില്ലാത്ത ബ്രസീലിലെ ആരാധകർക്ക് ഇതിഹാസതാരങ്ങളെ ബഹുമാനമില്ല, തുറന്നടിച്ച് ഡാനി ആൽവസ്


ബ്രസീലിലെ ഫുട്ബോൾ ആരാധകർക്കെതിരെ രൂക്ഷവിമർശനം നടത്തി ബാഴ്സലോണ ഇതിഹാസവും ബ്രസീൽ ദേശീയ ടീമിലെ റൈറ്റ് ബാക്കുമായ ഡാനി ആൽവസ്. ദേശസ്നേഹം ബ്രസീലിലെ ആരാധകർക്കില്ലെന്നും അവർക്ക് ദേശീയ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളെ ബഹുമാനമില്ലെന്നും നിലവിൽ ഒളിമ്പിക്സ് ഫുട്ബോൾ ടീമിനൊപ്പം കളിച്ചു കൊണ്ടിരിക്കുന്ന താരം കുറ്റപ്പെടുത്തി.
"ദൗർഭാഗ്യവശാൽ ഞങ്ങളുടെ രാജ്യത്തുള്ളവർക്ക് ദേശസ്നേഹമില്ല. അതുണ്ടായിരുന്നെങ്കിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇതിഹാസതാരങ്ങളെ അവർ ബഹുമാനിക്കുമായിരുന്നു. ബ്രസീലിയൻ ഫുട്ബോൾ ടീമിന്റെ ചരിത്രത്തെ ഒട്ടും വിലമതിക്കാത്ത സ്ഥലം ഞങ്ങളുടെ രാജ്യം തന്നെയാണെന്നാണ് എനിക്കു തോന്നുന്നത്." ഡാനി ആൽവസ് പറഞ്ഞു.
"ബ്രസീലിയൻ ടീം ഫുട്ബോൾ ചരിത്രത്തിൽ മറക്കാനാവാത്ത അധ്യായങ്ങൾ എഴുതിച്ചേർത്തിട്ടുള്ളതു കൊണ്ടു തന്നെ രാജ്യത്തിനു പുറത്ത് ഞങ്ങൾ വിലമതിക്കപ്പെടുന്നുണ്ട്. ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുള്ളവരുടെ കാര്യത്തിലും അങ്ങിനെ തന്നെ. കാരണം അവർക്കറിയാം അസാധാരണ കഴിവുകളുള്ള നിരവധി താരങ്ങൾ ഈ ടീമിനു വേണ്ടി മുൻപു കളിച്ചിട്ടുണ്ടെന്ന്." ആൽവസ് വിശദീകരിച്ചു.
സമീപകാലത്ത് ബ്രസീലിലെ ആരാധകർക്കെതിരെ വിമർശനം നടത്തുന്ന ആദ്യത്തെ ദേശീയ ടീം താരമല്ല ഡാനി ആൽവസ്. കോപ്പ അമേരിക്ക ഫൈനലിൽ ലയണൽ മെസി കിരീടമുയർത്തണമെന്ന ആഗ്രഹം നിരവധി ബ്രസീലിയൻ ആരാധകർ പ്രകടിപ്പിച്ചതിനെ തുടർന്ന് നെയ്മർ, മാർക്വിന്യോസ് എന്നിങ്ങനെ ടീമിലെ സീനിയർ താരങ്ങൾ കടുത്ത ഭാഷയിൽ ആരാധകർക്കെതിരെ പ്രതികരിച്ചിരുന്നു.