Football in Malayalam

ഡാനി ആൽവസ് ബാഴ്‌സലോണയിലെത്തിയത് രണ്ടു ക്ലബുകളുടെ ഓഫർ വേണ്ടെന്നു വെച്ച്

Sreejith N
FC Barcelona Unveil New Signing Dani Alves
FC Barcelona Unveil New Signing Dani Alves / David Ramos/GettyImages
facebooktwitterreddit

സാവി പരിശീലകനായി എത്തിയതോടെ ഡാനി ആൽവസിനെ ബാഴ്‌സലോണ തിരിച്ചെത്തിച്ചത് ക്ലബിന്റെ ആരാധകർക്കെല്ലാം ആവേശം നൽകിയ സംഭവമായിരുന്നു. കളിക്കളത്തിലും പുറത്തും മുപ്പത്തിയെട്ടാം വയസിലും ഊർജ്ജസ്വലത നിലനിർത്തുന്ന ബ്രസീലിയൻ റൈറ്റ് ബാക്കിന്റെ വരവ് ബാഴ്‌സലോണക്ക് പുതിയ ആത്മവിശ്വാസം നൽകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

ബാഴ്‌സലോണക്കു വേണ്ടി മുൻപ് കളിച്ച സമയത്ത് 23 കിരീടങ്ങൾ സ്വന്തമാക്കിയ ഡാനി ആൽവസ് ലാ ലിഗ അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ ശമ്പളത്തിനാണ് ക്ലബിനു വേണ്ടി കളിക്കാനൊരുങ്ങുന്നത്. ഇതിനു പുറമെ മുപ്പത്തിയെട്ടാം വയസിൽ ലഭിക്കാവുന്നതിൽ വെച്ചു മികച്ചതായ, രണ്ടു ക്ലബുകളുടെ ഓഫർ താരം ബാഴ്‌സയിൽ എത്തുന്നതിനു വേണ്ടി ഉപേക്ഷിക്കുകയും ചെയ്‌തു.

അവസാന രണ്ടു വർഷങ്ങളിൽ ബ്രസീലിയൻ ലീഗിൽ കളിച്ച ഡാനി ആൽവസ് സെപ്റ്റംബറിൽ സാവോ പോളോയുമായുള്ള കരാർ റദ്ദു ചെയ്‌തിരുന്നു. ഇതിനു ശേഷമാണ് മെക്‌സിക്കൻ ലീഗിൽ നിന്നുമുള്ള രണ്ടു ക്ലബുകളുടെ രണ്ടു വർഷത്തേക്കുള്ള ഓഫർ താരത്തിനു ലഭിച്ചത്. എന്നാൽ ഇതു രണ്ടും ബാഴ്‌സയിലേക്ക് ചേക്കേറുന്നതിനു വേണ്ടി താരം തള്ളുകയായിരുന്നുവെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു.

കരാർ അവസാനിപ്പിച്ചതിനു ശേഷം ബാഴ്‌സയിലേക്ക് തിരിച്ചു വരുന്നതും ബ്ലോഗറാന ജേഴ്‌സിയിൽ വീണ്ടും കളിക്കുന്നതും തന്റെ സ്വപ്‌നമാണെന്ന്‌ ആൽവസ് പറഞ്ഞിരുന്നു. ഈ സീസണിൽ ബാഴ്‌സ മോശം പ്രകടനം നടത്തുമ്പോൾ ക്ലബ്ബിനെ സഹായിക്കാൻ വേണ്ടി തന്റെ സഹായം വാഗ്‌ദാനം ചെയ്‌ത ഡാനി ആൽവസിന് അതു നിറവേറ്റാനുള്ള അവസരം കൂടിയാണു വന്നു ചേർന്നിരിക്കുന്നത്.

ബാഴ്‌സലോണ ആദ്യം മുന്നോട്ടു വെച്ച ഓഫർ തന്നെ സ്വീകരിച്ച ഡാനി ആൽവസ് ക്ലബ്ബിലേക്ക് തിരിച്ചെത്തിയതിന്റെ ആഹ്ലാദം അതിനു ശേഷമുള്ള ഓരോ സമയത്തും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബാഴ്‌സ ജേഴ്‌സിയിൽ ഇപ്പോൾ മത്സരത്തിനിറങ്ങാൻ താരത്തിനു കഴിയില്ലെന്നാണ് ആരാധകരെ നിരാശരാക്കുന്നത്. അതിനായി ജനുവരി വരെ കാത്തിരിക്കേണ്ടി വരും.


facebooktwitterreddit