FC Barcelona News

"ക്ലബിനു വേണ്ടി ചരിത്രം സൃഷ്‌ടിച്ച താരങ്ങളെ അവമതിക്കുന്നു"- ബാഴ്‌സലോണക്കെതിരെ ഡാനി ആൽവസ്

Sreejith N
Dani Alves Slams Barcelona For His Poorly Handled Exit
Dani Alves Slams Barcelona For His Poorly Handled Exit / Steve Christo - Corbis/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും തന്നെ ഒഴിവാക്കിയതിലുള്ള നിരാശ വ്യക്തമാക്കി ബ്രസീലിയൻ താരം ഡാനി ആൽവസ്. ക്ലബിന്റെ അധികാരം കയ്യാളുന്നവർ ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരങ്ങളെ അവമതിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞ ഡാനി ആൽവസ് ക്ലബിൽ നിന്നുമുള്ള തന്റെ വിടവാങ്ങൽ കൈകാര്യം ചെയ്‌ത രീതിയിൽ നിരാശയുണ്ട് എന്നും വ്യക്തമാക്കി.

കഴിഞ്ഞ സീസണിനിടയിലാണ് ഡാനി ആൽവസ് ബാഴ്‌സയിൽ തിരിച്ചു വന്നത്. പതിനേഴു മത്സരങ്ങൾ ക്ലബിനു വേണ്ടി കളിച്ച താരത്തിന് ഖത്തർ ലോകകപ്പ് വരാനിരിക്കെ ബാഴ്‌സയിൽ തന്നെ തുടരാനായിരുന്നു ആഗ്രഹമെങ്കിലും കരാർ അവസാനിച്ചതു പുതുക്കാൻ ബാഴ്‌സലോണ തയ്യാറായില്ല. നിലവിൽ ഫ്രീ ഏജന്റായി മറ്റൊരു ക്ലബ്ബിനെ കാത്തിരിക്കുകയാണ് താരം.

"ഞാൻ സങ്കടത്തോടു കൂടിയല്ല ഇവിടം വിടുന്നത്. ബാഴ്‌സയിലേക്ക് തിരിച്ചു വന്നതിൽ ഞാൻ സന്തോഷത്തിലായിരുന്നു. ഈ രണ്ടാം അവസരത്തിനായി ഞാൻ അഞ്ചു വർഷങ്ങളോളം കാത്തിരുന്നു. ഞാൻ ക്ലബ് വിട്ടതിനെ കൈകാര്യം ചെയ്‌തതു മാത്രമാണ് എനിക്ക് ഇഷ്‌ടപ്പെടാതിരുന്നത്."

"ഞാൻ ഇരുപതു വയസുള്ള ആ പഴയ താരമല്ലെങ്കിലും ഒന്നും മറച്ചു വെക്കാനില്ലാതെ, തലയുയർത്തിപ്പിടിച്ച് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വന്നയന്നു മുതൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ക്ലബ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി അന്യായമാണ് ചെയ്യുന്നത്. ക്ലബിനു വേണ്ടി ചരിത്രം സൃഷ്‌ടിച്ച താരങ്ങളെ അവർ അവമതിക്കുകയാണ്."

"ഒരു ക്യൂൾ എന്ന നിലയിൽ ബാഴ്‌സലോണ വ്യത്യസ്‌തമായ രീതിയിൽ കാര്യങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ഞാൻ എന്റെ കാര്യമല്ല പറയുന്നത്, കാരണം എന്റെ കാര്യം അതിൽ നിന്നും വ്യത്യസ്‌തമായ ഒന്നാണ്. എന്നെ തിരിച്ചെത്തിച്ചതിൽ പരിശീലകൻ സാവിയോടും പ്രസിഡന്റ് ലപോർട്ടയോടും എനിക്ക് എക്കാലവും കടപ്പാടുണ്ട്." ഡാനി ആൽവസ് ദി ഗാർഡിയനോട് പറഞ്ഞു.

ബാഴ്‌സലോണ ടീമിൽ മികച്ച ആശയങ്ങളുമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം നല്ല യുവതാരങ്ങളുണ്ടെന്നും എന്നാൽ മൈതാനത്തിനു പുറത്തുള്ള കാര്യങ്ങളിലും അവർ മെച്ചപ്പെടേണ്ടതുണ്ടെന്നും ഡാനി അൽവസ് പറഞ്ഞു. ബാഴ്‌സലോണ മികച്ച നിലയിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് സങ്കീർണമാണെന്നും ക്ലബിന്റെ സന്തുലിതാവസ്ഥയും ഒത്തൊരുമയും നഷ്‌ടപ്പെട്ടു പോയിട്ടുണ്ടെന്നും ആൽവസ് പറയുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit