ബാഴ്‌സലോണ വിട്ട ഡാനി ആല്‍വേസ് ഇനി മെക്‌സിക്കന്‍ ക്ലബില്‍

ബാഴ്‌സലോണ വിട്ട ബ്രസീലിയന്‍ വെറ്ററന്‍ താരം ഇനി മെക്‌സിക്കന്‍ ക്ലബായ പുമാസിന് വേണ്ടി കളിക്കും. ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് ആല്‍വേസ് മെക്‌സിക്കന്‍ ക്ലബില്‍ ചേരുന്നത്. മെക്‌സിക്കന്‍ മാധ്യമമായ ഡിയാരിയോ റെക്കോര്‍ഡാണ് ഇക്കാര്യം പുറത്തുവിട്ടത്.
ക്ലബില്‍ ചേരുന്നിതനായുള്ള മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
നേരത്തെ 2008 മുതല്‍ 2016 വരെ ബാഴ്‌സലോണില്‍ കളിച്ചിരുന്ന താരം വീണ്ടും അവസാന സീസണില്‍ കാറ്റാലന്‍ ക്ലബില്‍ തിരിച്ചെത്തുകയായിരുന്നു. രണ്ടാം വരവില്‍ കാറ്റാലന്‍ ക്ലബിനായി 17 മത്സരം കളിക്കാനും ഒരു ഗോള്‍ സ്വന്തമാക്കാനും ബ്രസീലിയന്‍ താരത്തിന് കഴിഞ്ഞിരുന്നു.
കരിയറില്‍ 43 കിരീടങ്ങള്‍ സ്വന്തമാക്കിയാണ് 38കാരനായ താരം പുതിയ ക്ലബിലേക്ക് ചേക്കേറുന്നത്. ബ്രസീസിയന്‍ ക്ലബായ സാവോ പോളോയില്‍ നിന്നായിരുന്നു സഹതാരമായിരുന്ന സാവിയെ സഹായിക്കുന്നതിന് വേണ്ടി ആല്‍വേസ് ബാഴ്‌സലോണയില്‍ തിരിച്ചെത്തിയത്.
'സുവര്‍ണ കഥകളുടെ വലിയ പുസ്തകം' എന്നായിരുന്നു ബാഴ്‌സലോണ വിടാന്‍ തീരുമാനിച്ച ആല്‍വേസ് കാറ്റാലന്‍ ക്ലബുമായുള്ള അനുഭവത്തെ വിവരിച്ചത്.
"23 കിരീടങ്ങള്‍, രണ്ട് ട്രെബിള്‍സ്, ഒരു സിക്‌സറ്റപ്പിള്‍, കൂടാതെ സുവര്‍ണ കഥകളുടെ ഒരു വലിയ പുസ്തകം,'' ബാഴ്‌സലോണയിലെ കിരീട നേട്ടത്തെ കുറിച്ച് ബ്രസീലിയന്‍ താരം വാചാലനായി.
"ഈ ക്ലബിനും ഈ നിറങ്ങള്‍ക്കും ഈ വീടിനുമായി സമര്‍പ്പിച്ചിട്ട് എട്ട് വര്‍ഷമായി. എന്നാലും ജീവിതത്തിലെ എല്ലാ കാര്യങ്ങളും പോലെ വര്‍ഷങ്ങള്‍ കടന്ന് പോകുന്നു. വഴികള്‍ മാറുന്നു. കഥകള്‍ മറ്റൊരു സമയത്ത് എവിടെയെങ്കിലും എഴുതപ്പെടുന്നു," ബാഴ്‌സയുമായി വഴിപിരിയുന്നതിനെ കുറിച്ച് ആല്‍വേസ് പറഞ്ഞു.
2001ല്‍ ബ്രസീലിയന്‍ ക്ലബായ ബഹിയയില്‍ നിന്നാണ് ആല്‍വേസ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിന് തുടക്കമിടുന്നത്. പിന്നീട് സെവിയ്യ, ബാഴ്‌സലോണ, യുവന്റസ്, പി.എസ്.ജി, സാവോ പോളോ തുടങ്ങിയ ക്ലബുകള്‍ക്കായി കളിച്ച് കരിയര്‍ ഏറ്റവും മികച്ചതാക്കി. 2003ല്‍ ബ്രസീലിന്റെ അണ്ടര്‍ 20യിലൂടെ ദേശീയ ടീമിലെത്തിയ ആല്‍വേസ് ഇപ്പോഴും ദേശീയ ടീമിന്റെ പ്രധാന ഘടകമാണ്.