അസിസ്റ്റ്, ഗോള്‍, ചുവപ്പ് കാര്‍ഡ്; ക്യാമ്പ് നൗവിലെ ആല്‍വസ് നടനം

കാംപ് നൗവില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുമ്പില്‍ പല റോളില്‍ ആടിത്തിമര്‍ത്ത് ഡാനി ആല്‍വസ് 69ാം മിനുട്ടില്‍ ചുവപ്പ് കാർഡ് കണ്ട് മടങ്ങി. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ ബാഴ്‌സോലണയുടെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങിയ ആല്‍വസ് തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ടീമിന് നല്‍കിയാണ് മടങ്ങിയത്.
ലാലിഗയിലെ ശക്തരായ എതിരാളികളെ നേരിടാന്‍ ഏറ്റവും മികച്ച നിരയെയായിരുന്നു സാവി കളത്തിലിറക്കിയത്. മത്സരത്തിന്റെ പത്താം മിനുട്ടില്‍ തന്നെ അത്ഭുത ഗോളുമായി ആല്‍ബ ക്യാമ്പ് നൗവിനെ പ്രകമ്പനം കൊള്ളിച്ചു. ക്യാമ്പ് നൗ പൊട്ടിത്തെറിച്ച ഗോളിന് പിറകില്‍ ചരട് വലിച്ചത് ആല്‍വസായിരുന്നു. ബാഴ്‌സലോണക്ക് വേണ്ടിയുള്ള ആൽവസിന്റെ 100ആം അസിസ്റ്റ് കൂടിയായിരുന്നു അത്.
അത്ഭുത ഗോളും അത്യുഗ്രന്‍ അസിസ്റ്റും കണ്ടതോടെ ആര്‍പ്പുവിളിയുമായി ക്യാമ്പ് നൗ സജീവമായി. എന്നാല്‍ ഇതുകൊണ്ടൊന്നും ആല്‍വസിന്റെ പ്രകടനം തീര്‍ന്നില്ല. പിന്നീട് ബാഴ്‌സലോണ രണ്ട് ഗോള്‍ കൂടി സ്വന്തമാക്കി ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്‌കോര്‍ 3-1 എന്ന നിലയിലാക്കി. രണ്ടാം പകുതിയിൽ ബാഴ്‌സലോണക്ക് വേണ്ടി ഗോൾ കണ്ടെത്തിയ ആൽവസ്, ക്യാമ്പ് നൗവിലേക്കുള്ള തന്റെ മടങ്ങി വരവ് ഗംഭീരമാക്കി.
49ാം മിനുട്ടില്‍ ഡി ബോക്‌സിന് മുന്നില്‍ നിന്ന് ലഭിച്ച പന്ത് രണ്ടാമതൊന്ന് ആലോചിക്കാതെ, ഒബ്ലാക്കിന് ഒരവസരവും നല്‍കാതെ അത്‌ലറ്റിക്കോയുടെ വലയിലെത്തിച്ചായിരുന്നു ആൽവസ് ബാഴ്‌സയുടെ നാലാം ഗോൾ നേടിയത്. ഒരു അസിസ്റ്റും ഒരു ഗോളും നേടിയ ആല്‍വസ് ക്യാമ്പ് നൗവിലെ പുല്‍മൈതാനിയില്‍ ആട്ടം തുടര്‍ന്നു. നാലു ഗോള്‍ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയ അത്‌ലറ്റിക്കോയെ പ്രതിരോധിക്കാന്‍ ബാഴ്‌സലോണ താരങ്ങള്‍ കൈമെയ് മറന്ന് അധ്വാനിച്ചു. അതിനിടെയായിരുന്നു 69ാം മിനുട്ടില്‍ ഡാനിയുടെ മേല്‍ ചുവപ്പ് കാര്‍ഡിന്റെ കരിനിഴല്‍ വീണത്. അത്‌ലറ്റിക്കോ താരത്തെ ചവിട്ടിയിതിന് ചുവപ്പ് കാര്‍ഡ് വാങ്ങി ഡാനി മടങ്ങിയെങ്കിലും കുറച്ച് സമയത്തിനുള്ളില്‍ ക്യാമ്പ് നൗവില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ മനസ് നിറച്ചായിരുന്നു ബ്രസീലിയന്‍ താരം മടങ്ങിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.