ബർത്തോമു ആയിരുന്നു പ്രെസിഡന്റെങ്കിൽ ബാഴ്‌സലോണയിലേക്ക് വരുമായിരുന്നില്ല; ഡാനി ആല്‍വേസ്

Presentation Of Dani Alves As New Player Of FC Barcelona
Presentation Of Dani Alves As New Player Of FC Barcelona / AFP7/GettyImages
facebooktwitterreddit

മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് ബർത്തോമു ആയിരുന്നു തന്നെ കാറ്റാലൻ ക്ലബ്ബിലേക്ക് ക്ഷണിച്ചിരുന്നതെങ്കില്‍ താന്‍ ഒരിക്കലും തിരിച്ചുവരുമായിരുന്നില്ലെന്ന് ബ്രസീലിയന്‍ താരം ഡാനി ആല്‍വേസ്. അല്‍കാസ് സ്‌പോര്‍ട്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആല്‍വേസ് ഇക്കാര്യം പറഞ്ഞത്.

"ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരു ഓഫർ സ്വീകരിക്കുമായിരുന്നില്ല. അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴായിരുന്നു ഞാന്‍ ടീം വിട്ടത്. വീണ്ടും അദ്ദേഹത്തോടെപ്പാം ജോലി ചെയ്യുന്നതില്‍ അര്‍ഥമില്ല," ആല്‍വേസ് വ്യക്തമാക്കി.

2021 നവംബറിൽ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിയ ആൽവേസ്, കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിട്ട ലയണൽ മെസ്സിക്കൊപ്പം വീണ്ടും കളിക്കാനുള്ള ആഗ്രഹവും സംസാരത്തിനിടെ പ്രകടിപ്പിച്ചു

"മെസ്സിയെ നിലനിര്‍ത്തുന്നതിന് ക്ലബിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു, അദ്ദേഹം ക്ലബ് വിട്ടത് വേദനയുണ്ടാക്കി. അവൻ ബാഴ്‌സലോണയുടെ ജീവിക്കുന്ന ഇതിഹാസമായിരുന്നതിനാൽ താരം ക്ലബ് വിട്ടതിനോട് ഞാൻ എതിരായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ ആഗ്രഹിച്ചപോലെ കാര്യങ്ങള്‍ നടന്നില്ല. പക്ഷെ അവന്‍ ഒരിക്കല്‍ തിരിച്ചെത്തുമെന്നും ഒരുമിച്ച് കളിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു'' ആല്‍വേസ് കൂട്ടിച്ചേര്‍ത്തു.

ബാഴ്‌സലോണയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക്ജൊവാൻ ലപോര്‍ട്ട തിരിച്ചെത്തിയത് ക്ലബിന് ഗുണം ചെയ്യുമെന്നും ആല്‍വേസ് പറഞ്ഞു.

"ഒരു മികച്ച ബാഴ്‌സലോണയെ പുനരാവിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്ക് നന്നായി പ്രവര്‍ത്തിക്കേണ്ടതുണ്ട്, അതിനായി ഞങ്ങള്‍ക്ക് സ്ഥിരതയും ഐക്യവും ആവശ്യമാണ്, ലപോര്‍ട്ട ഞങ്ങളോടൊപ്പമുള്ളതില്‍ സന്തോഷമുണ്ട്, അദ്ദേഹം ക്ലബിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുപോകും, സ്ഥിരതയുള്ള ടീമാക്കി ഉയര്‍ത്തും," ആല്‍വേസ് അല്‍കാസിനോട് വ്യക്തമാക്കി.

2016ല്‍ ബാഴ്‌സലോണ വിട്ട ആല്‍വേസ് യുവന്റസ്, പി.എസ്.ജി, സാവോ പോളോ തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി കളിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കാറ്റാലൻ ക്ലബ്ബിലേക്ക് തിരിച്ചെത്തിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.