ഈ സീസണിലെ ബാലൺ ഡി ഓർ അർഹിക്കുന്നത് ബെൻസിമയാണെന്ന് ബാഴ്സലോണ താരം ഡാനി ആൽവസ്


റയൽ മാഡ്രിഡ് മുന്നേറ്റനിര താരമായ കരിം ബെൻസിമയാണ് ഈ സീസണിലെ ബാലൺ ഡി ഓർ അർഹിക്കുന്നതെന്ന് ബാഴ്സലോണ ഫുൾബാക്കായ ഡാനി ആൽവസ്. റേഡിയോ മാർക്കക്ക് നൽകിയ അഭിമുഖത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കെയാണ് ഈ സീസണിൽ റയൽ മാഡ്രിഡിന്റെ കുതിപ്പിനു പിന്നിലെ നിർണായക ശക്തിയായ കരിം ബെൻസിമ ബാലൺ ഡി ഓർ അർഹിക്കുന്നുവെന്ന അഭിപ്രായം പ്രകടിപ്പിച്ചത്.
മുപ്പത്തിനാലുകാരനായ കരിം ബെൻസിമ ഈ സീസണിൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്. ലാ ലിഗയിൽ ഇരുപത്തിയാറു ഗോളും പതിനൊന്ന് അസിസ്റ്റും നൽകിയ താരം ചാമ്പ്യൻസ് ലീഗിൽ പതിനഞ്ചു ഗോളും രണ്ട് അസിസ്റ്റുകളും ഇതുവരെ സ്വന്തമാക്കി. റയലിനു ലാ ലിഗ കിരീടം നൽകാൻ നിർണായക പങ്കു വഹിച്ച താരം ഇനി ചാമ്പ്യൻസ് ലീഗ് കൂടി സ്വന്തമാക്കാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.
"ബെൻസിമ എന്താണ് ചെയ്യുന്നതെന്നു പരിഗണിക്കുമ്പോൾ താരം അതു വിജയിക്കാനുള്ള എല്ലാവിധ സാധ്യതകളും ഉണ്ട്. പക്ഷെ ചാമ്പ്യൻസ് ലീഗ് അതിൽ വലിയ സ്വാധീനം ചെലുത്തും. അതു വിജയിക്കാൻ സാധ്യതയുള്ളവരിൽ താരം ഒരു പ്രധാനപ്പെട്ടയാൾ തന്നെയാണ്. എന്നാൽ അതിനൊപ്പം മറ്റു പേരുകളുമുണ്ട്."
"മാഞ്ചസ്റ്റർ സിറ്റിയിലെയും ലിവർപൂളിലെയും താരങ്ങളുണ്ട്. മറ്റുള്ളവർക്ക് അതിനായി പൊരുതാം. ബെൻസിമ അതിനായി പ്രയത്നിക്കുന്നുണ്ട്. കളിയിലായാലും മറ്റു കാര്യങ്ങളിലായാലും റയൽ മാഡ്രിഡ് എത്താത്ത ഇടങ്ങളിലേക്കാണ് താരം അവരെ കൊണ്ട് പോകുന്നത്. ടീമിനെ വഹിക്കുന്ന താരം അതു നേടാൻ അർഹനാണ്." ഡാനി ആൽവസ് പറഞ്ഞു.
റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് നേടിയാൽ അടുത്ത ബാലൺ ഡി ഓറിനു ബെൻസിമ അല്ലാതെ മറ്റൊരു അവകാശി ഉണ്ടാകില്ലെന്ന് ഉറപ്പാണ്. എന്നാൽ ഫൈനലിൽ റയൽ മാഡ്രിഡ് പരാജയപ്പെട്ടാൽ മൊഹമ്മദ് സലാ, സാഡിയോ മാനെ എന്നീ ലിവർപൂൾ താരങ്ങളും പുരസ്കാരം നേടാൻ സാധ്യതയുള്ളവരായി ഉയർന്നു വരും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.