കിരീട നേട്ടങ്ങളിൽ തന്നെ മറികടക്കാൻ പോരാടുമെന്ന് സൂചിപ്പിച്ച മെസിക്ക് ഹൃദയസ്പർശിയായ മറുപടി നൽകി ഡാനി ആൽവസ്

കഴിഞ്ഞ ദിവസം ബാഴ്സലോണയിൽ നടത്തിയ തന്റെ വിടവാങ്ങൽ പ്രെസ്സ് കോൺഫറൻസിനിടെയായിരുന്നു ഇത്തവണത്തെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ തന്റെ മുൻ സഹതാരം ഡാനി ആൽവസിനെ ലയണൽ മെസി അഭിനന്ദിച്ചത്. ഇതിനൊപ്പം കിരീട നേട്ടങ്ങളുടെ കാര്യത്തിൽ ഡാനി ആൽവസിനൊപ്പമെത്താനും, അദ്ദേഹത്തെ മറികടക്കാനും താൻ പോരാടുമെന്നും മെസി വ്യക്തമാക്കി. ഇപ്പോളിതാ തന്റെ കിരീട നേട്ടം മറികടക്കാൻ പോരാടുമെന്ന് പറഞ്ഞ മെസിക്ക് ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകി ആൽവസ് തന്നെ രംഗത്തെത്തിയിരിക്കുന്നു
ഗേൾഫ്രണ്ട് കഴിഞ്ഞാൽ തന്റെ ഏറ്റവും മികച്ച പങ്കാളി മെസിയാണെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച ആൽവസ്, എക്കാലത്തെയും മികച്ച താരമായ മെസിക്ക് എപ്പോൾ വേണമെങ്കിലും കിരീട നേട്ടത്തിൽ തന്നെ മറികടക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു. മെസിയുടെ പരിണാമവുമായി അടുത്തു നിൽക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഡാനി, മെസിയുമായി തന്നെ ബന്ധിപ്പിച്ച മുൻ ബാഴ്സലോണ താരം കൂടിയായ സിൽവിഞ്ഞോയ്ക്ക് നന്ദി കുറിക്കാനും മറന്നില്ല.
"എക്കാലത്തെയും മികച്ചവനായ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും (കിരീട നേട്ടത്തിൽ) എന്നെ മറികടക്കാൻ കഴിയും. ഗേൾഫ്രണ്ട് കഴിഞ്ഞാൽ നീയാണ് എന്റെ ഏറ്റവും മികച്ച പങ്കാളി. നീ ഞങ്ങൾക്ക് നൽകിയ എല്ലാത്തിനും നന്ദി. നിങ്ങളുടെ കഥയുടെ ഭാഗമാകാൻ അനുവദിച്ചതിനും നന്ദി. നിങ്ങളുടെ പരിണാമവുമായി (കരിയറിലെ) അടുത്തു നിൽക്കാനായതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. ഞങ്ങളെ ബന്ധിപ്പിച്ചതിന് സിൽവിഞ്ഞോക്ക് നന്ദി. ഡോൺ ലിയോ മെസി, പോകാൻ ആഗ്രഹിക്കുന്നിടത്തെല്ലാം ചരിത്രം സൃഷ്ടിക്കുന്നത് നീ തുടരുക," മെസിയോടുള്ള സന്ദേശമെന്നോണം ആൽവസ് തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു.
അതേ സമയം ബ്രസീലിനൊപ്പം ഇക്കുറി ഒളിമ്പിക്സിൽ സ്വർണം നേടിയതോടെ ഡാനി ആൽവസ് തന്റെ കരിയറിൽ സ്വന്തമാക്കിയ കിരീടങ്ങളുടെ എണ്ണം 43 ആയി. മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. കിരീട നേട്ടങ്ങളുടെ എണ്ണത്തിൽ നിലവിൽ ആൽവസിനെ മറികടക്കാൻ സാധ്യതയുള്ള താരം മെസി തന്നെയാണ്. 38 കിരീടങ്ങളാണ് നിലവിൽ മെസിക്ക് സ്വന്തമായുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.