ബാഴ്സലോണയിലേക്ക് തിരിച്ചുവരാൻ സന്നദ്ധനായി ഡാനി ആൽവസ്; കാറ്റലൻ ക്ലബിന് തന്നെ സ്വയം വാഗ്ദാനം ചെയ്ത് ബ്രസീലിയൻ താരം

തന്റെ മുൻ ക്ലബായ ബാഴ്സലോണയിലേക്ക് മടങ്ങാൻ ബ്രസീലിയൻ ഫുൾ-ബാക്ക് ആയ ഡാനി ആൽവസ് തയ്യാറാണെന്ന് റിപോർട്ടുകൾ. കാറ്റലൻ ക്ലബിന് തന്നെ ബ്രസീലിയൻ താരം സ്വയം വാഗ്ദാനം ചെയ്തതായാണ് റിപോർട്ടുകൾ.
2008ൽ സെവിയ്യയിൽ നിന്ന് ബാഴ്സയിലേക്ക് ചേക്കേറിയതിന് ശേഷം, ടീമിലെ അഭിവാജ്യ ഘടകമായി മാറിയ താരം 2016ലാണ് സ്പാനിഷ് ക്ലബ് വിടുന്നത്. അതിന് ശേഷം യുവന്റസ്, പാരീസ് സെന്റ്-ജെർമൻ എന്നിവർക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള താരം നിലവിൽ ബ്രസീലിയൻ ക്ലബായ സാവോ പോളോയുടെ താരമാണ്.
ഇസ്പോർട്ട്2വിന്റെ റിപ്പോർട്ട് പ്രകാരം സാവോ പോളോയുമായുള്ള കരാർ കാലഹരണപ്പെടുമ്പോൾ ജനുവരിയിൽ സ്പെയിനിലേക്ക് മടങ്ങാൻ ആൽവസ് തയ്യാറാണ്. എന്നാൽ 38കാരനായ താരത്തിന് ബാഴ്സയിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ കരുതുന്നില്ല.
2008 മുതൽ 2016 വരെ ബാഴ്സലോണ താരമായിരുന്ന ആൽവസ്, കാറ്റലൻ ക്ലബിന് വേണ്ടി 391 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. 43 കിരീടങ്ങളോടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ താരമെന്ന നേട്ടമുള്ള ആൽവസ്, അതിൽ 23 എണ്ണവും ബാഴ്സലോണക്കൊപ്പമാണ് നേടിയത്.
അതേ സമയം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാഴ്സലോണ 2021/22 സീസണിൽ ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ലാ ലീഗയിൽ 7 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുകൾ മാത്രം കരസ്ഥമാക്കിയ ക്ലബ്, പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗിലാകട്ടെ ഈ സീസണിൽ കളിച്ച 2 മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ക്ലബ്, ഗ്രൂപ്പ് ഇയിൽ അവസാന സ്ഥാനത്തുമാണ്.