Football in Malayalam

ബാഴ്‌സലോണ വിട്ടതിന്റെ കാരണവും, നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ പ്രതിരോധതാരത്തെയും വെളിപ്പെടുത്തി ഡാനി ആൽവസ്

Sreejith N
Brazil v Argentina: Semi Final - Copa America Brazil 2019
Brazil v Argentina: Semi Final - Copa America Brazil 2019 / Juliana Flister/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച ഫുൾ ബാക്കുകളിൽ ഒരാളാണ് ബ്രസീലിയൻ താരം ഡാനി ആൽവെസെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ബാഴ്‌സക്കൊപ്പം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരം 2016ൽ ക്ലബ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയത് ആരാധകരെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യമായിരുന്നു. എന്നാൽ അന്നത്തെ ക്ലബ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം തന്നെയാണ് തന്നെ ബാഴ്‌സലോണ വിടാൻ പ്രേരിപ്പിച്ചതെന്ന് താരം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

"ആ സമയത്ത് ക്ലബിന്റെ നേതൃത്വത്തിലുണ്ടായിരുന്നവരിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. പിന്നീട് ഞാൻ തന്നെയാണ് ശരിയെന്ന് ബോധ്യപ്പെട്ടു. അതാദ്യം പറഞ്ഞത് ഞാനായതു കൊണ്ട് അവരെന്നെ കിറുക്കുള്ളവനെന്നു വിളിച്ചു. എന്നാൽ എല്ലായ്‌പോഴും ഗുണകരമായ കിറുക്കാണ് എനിക്കുള്ളത്," ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഡാനി ആൽവസ് പറഞ്ഞു.

ബാഴ്‌സലോണയിൽ എട്ടു വർഷങ്ങളോളം കളിച്ച് ആറു ലാ ലിഗ കിരീടവും മൂന്നു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ആൽവസ് ഏറ്റവുമധികം ട്രോഫികൾ സ്വന്തം പേരിലുള്ള ഫുട്ബോൾ താരങ്ങളിൽ ഒരാളാണ്. കരിയറിൽ നേരിട്ട ഏറ്റവും മികച്ച പ്രതിരോധ താരമാരെന്ന ചോദ്യത്തിന് റാമോസെന്നു മറുപടി പറഞ്ഞ ആൽവസ്, റയൽ നായകനെ നേരിടുന്നത് വളരെ കടുപ്പമാണെന്നും വ്യക്തമാക്കി.

ബാഴ്‌സലോണ നേതൃത്വത്തിനെതിരെ ആൽവസ് നടത്തിയ വിമർശനങ്ങൾ ശരിയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. 2015 മുതൽ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത കറ്റാലൻ ക്ലബ് കഴിഞ്ഞ സീസണിൽ നാണം കേട്ട തോൽവി ബയേൺ മ്യൂണിക്കിൽ നിന്നും ഏറ്റുവാങ്ങി പുറത്താവുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെ മെസി ബാഴ്‌സ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തി ക്ലബ് വിടണമെന്ന ആവശ്യമുന്നയിച്ചത് പ്രസിഡന്റായ ബാർട്ടമോവിന് രാജി വെക്കേണ്ട സാഹചര്യത്തിലേക്ക് വരെയെത്തിച്ചിരുന്നു.


facebooktwitterreddit