ഡാനി ആല്‍വസിന്റെ വാദം തെറ്റ്, ബര്‍ത്തോമുവും താരവും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്

ഏതാനും ദിവസമായി ബാഴ്‌സോലണയുടെ ബ്രസീലിയന്‍ താരം ഡാനി ആല്‍വസിന്റെ പ്രസ്താവനയായിരുന്നു ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരുന്നത്. ബാഴ്‌സലോണയുടെ മുന്‍ പ്രസിഡന്റ് ബർത്തോമു ആയിരുന്നു തന്നെ ക്ലബിലേക്ക് ക്ഷണിച്ചിരുന്നതെങ്കില്‍ താന്‍ ഒരിക്കലും തിരിച്ചുവരില്ലെന്നായിരുന്നു ആല്‍വസിന്റെ പ്രസ്താവന.
എന്നാല്‍ ആല്‍വസിന്റെ വാക്കുകള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വാട്‌സാപ്പ് ചാറ്റുകളാണ് ഇപ്പോള്‍ പുറത്ത് വന്നിതിരിക്കുന്നത്. 2019 മെയ് മാസത്തില്‍ ബാഴ്‌സലോണ പ്രസിഡന്റായ ബര്‍ത്തോമുവിനോട്, തനിക്ക് ബാഴ്‌സലോണയിലേക്ക് തിരിച്ചു വരണമെന്നും, ബ്രസീലിന് വേണ്ടി 2022 ലോകകപ്പ് കളിക്കുമ്പോള്‍ താനൊരു ബാഴ്‌സ താരമായിരിക്കണമെന്നും ആല്‍വസ് പറയുന്ന വാട്‌സ്ആപ്പ് സന്ദേശം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ബര്‍ത്തോമു ഇതിനെ അനുകൂലിക്കുന്നതായാണ് ചാറ്റില്‍ നിന്ന് വ്യക്തമാകുന്നത്.
കുല്‍ മാനിയ വെബ്‌സൈറ്റാണ് ആല്‍വസിന്റെയും ബര്‍തോമുവിന്റെയും ചാറ്റ് പുറത്ത് വിട്ടിരിക്കുന്നത്. ചാറ്റിലെ സംഭാഷണം ഇങ്ങനെ,
ഡാനി ആല്‍വസ്: മിസ്റ്റര്‍ പ്രസിഡന്റ്, എല്ലാം ഓക്കേ ആണോ? എനിക്ക് അവിടേക്ക് (ബാഴ്‌സലോണയിലേക്ക്) തിരിച്ചെത്തണമെന്നും, ബാഴ്‌സലോണ താരമായിരിക്കെ 2022 ലോകകപ്പ് കളിക്കണമെന്നും ആഗ്രഹമുണ്ട്. നമുക്ക് നമ്മുടെ അഭിമാനം മാറ്റിവെക്കാം, നമ്മുക്ക് പരസ്പരം ആവശ്യമുണ്ടെന്നു നമുക്ക് തന്നെ അറിയാം.
ജോസപ് ബർത്തോമു: ഹായ് ഡാനി, നിങ്ങളുടെ തിരിച്ചുവരവില്‍ പ്രശ്‌നങ്ങളൊന്നുമില്ല, പക്ഷേ അത് പരിശീലകരുടെയും മറ്റും ആഗ്രഹപ്രകാരമായിരിക്കണം, നിങ്ങള്‍ (എറിക്) അബിദാലുമായി സംസാരിച്ചിട്ടുണ്ടോ?
ഡാനി ആല്‍വസ്: നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞാന്‍ അദ്ദേഹവുമായി സംസാരിക്കാം.
ജോസപ് ബർത്തോമു: ഞാന്‍ അബിദാലുമായി സംസാരിക്കാം, നിങ്ങള്‍ നിങ്ങളുടെ ആളുകളുമായി സംസാരിക്കൂ.
ഇങ്ങനെയുള്ള വാട്‌സാപ്പ് ചാറ്റാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
എന്നാല്‍ ഏര്‍നസ്റ്റ് വാല്‍വര്‍ദ്ദേ പരിശീലകനായിരിക്കെ, അബിദാലും വാല്‍വര്‍ദ്ദെയും ആല്‍വസിന്റെ തിരിച്ചു വരവ് തള്ളികളയുകയായിരുന്നു. പിന്നീട് ഈ സീസണില്‍ സാവിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ആല്‍വസിനെ വീണ്ടും ബാഴ്‌സലോണയിലെത്തിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.