"ഞങ്ങൾ സ്നേഹിച്ച ക്ലബ്ബിനെ കെട്ടിപ്പടുക്കണം"- ബാഴ്സയിൽ എത്തിയതിനു ശേഷം ആദ്യ പ്രതികരണവുമായി ഡാനി ആൽവസ്


ബാഴ്സലോണ ഡാനി ആൽവസിനെ ക്ലബ്ബിലേക്ക് തിരിച്ചെത്തിച്ചു എന്നത് ആരാധകരെ സംബന്ധിച്ച് ആശ്ചര്യപ്പെടുത്തുന്ന ഒരു വാർത്തയായിരുന്നു. മുപ്പത്തിയെട്ടു വയസുള്ള ആൽവസിനെ ഒരു കളിക്കാരനായി ഉപയോഗിക്കുന്നതിനൊപ്പം ക്ലബിൽ കളിക്കുന്ന യുവതാരങ്ങളെ മുന്നോട്ടു കൊണ്ടു വരാനുള്ള പ്രചോദനം നൽകാൻ കൂടി വേണ്ടിയാണ് ബാഴ്സലോണ തങ്ങളുടെ തട്ടകത്തിൽ ഫ്രീ ട്രാൻസ്ഫറിൽ എത്തിച്ചിരിക്കുന്നത്.
ക്ലബ്ബിലേക്ക് വന്നതിനു പിന്നാലെ തന്റെ ലക്ഷ്യം എല്ലാവരും സ്നേഹിച്ച ബാഴ്സലോണയെ തിരിച്ചെത്തിക്കുകയെന്നതാണെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിലുണ്ടായ മോശം മാനേജ്മെന്റും സാമ്പത്തിക പ്രതിസന്ധിയും പ്രധാന താരങ്ങൾ ക്ലബ് വിട്ടതു കൊണ്ട് കളിക്കളത്തിലെ പ്രകടനത്തിലുണ്ടായ പുറകോട്ടു പോക്കുമെല്ലാം തളർത്തിയ ബാഴ്സലോണക്ക് ഊർജ്ജം പകരുന്നതാണ് താരത്തിന്റെ വാക്കുകൾ.
? ❝¡Hola Culers! Estoy muy feliz y contento de volver a mi casa❞ - @DaniAlvesD2 pic.twitter.com/u1sPi0hlVz
— FC Barcelona (@FCBarcelona_es) November 13, 2021
"ഹെലോ ക്യൂൾസ്, ഞാൻ ബാഴ്സലോണയിൽ എത്തിയിട്ടുണ്ട്. ഞാൻ നിങ്ങൾക്കൊപ്പം വീണ്ടുമെത്തി, വീട്ടിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞു എന്നതിൽ ഞാൻ സന്തോഷവാനുമാണ്. നിങ്ങളെ പെട്ടന്നു തന്നെ കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മൾ സ്നേഹിച്ച ബാഴ്സലോണയെ വീണ്ടും കെട്ടിപ്പടുക്കാനും അത് ആസ്വദിക്കാനും എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു." ക്ലബ് ഒഫിഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ ആൽവസ് പറഞ്ഞു.
പെപ് ഗ്വാർഡിയോള പരിശീലകനായതിനു ശേഷം ജെറാർഡ് പിക്വ, സെയ്ദു കെയ്റ്റ എന്നിവർക്കൊപ്പം ബാഴ്സ നടത്തിയ ആദ്യത്ത സൈനിങായിരുന്നു ഡാനി ആൽവസ്. ഇപ്പോൾ സാവി ബാഴ്സ പരിശീലകനായപ്പോഴും ആദ്യത്തെ സൈനിങ് ഡാനിയാണെന്നത് യാദൃശ്ചികതയായി.
ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ഡാനി ആൽവസ് കാറ്റലൻ ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള തന്റെ താല്പര്യം അറിയിച്ചിരുന്നു എങ്കിലും ക്ലബ് നേതൃത്വം അതു തള്ളിയിരുന്നു. സാവി പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയാണ് ബ്രസീലിയൻ താരത്തിന് തന്റെ കരിയറിന്റെ അവസാന കാലഘട്ടം ബാഴ്സക്കൊപ്പം തന്നെ ചിലവഴിക്കാൻ അവസരമൊരുങ്ങിയത്.