Football in Malayalam

മറഡോണ കപ്പിനുള്ള ബാഴ്‌സലോണ ടീമിൽ ഇടം പിടിച്ച് ഡാനി ആൽവസ്

Sreejith N
Presentation Of Dani Alves As New Player Of FC Barcelona
Presentation Of Dani Alves As New Player Of FC Barcelona / AFP7/GettyImages
facebooktwitterreddit

ബാഴ്‌സലോണയിലേക്കുള്ള രണ്ടാം വരവിൽ ആദ്യമായി ടീമിനു വേണ്ടി ബൂട്ടുകെട്ടാനൊരുങ്ങി ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച റൈറ്റ്ബാക്കുകളിൽ ഒരാളായ ഡാനി ആൽവസ്. ഇതിഹാസതാരം ഡീഗോ മറഡോണയുടെ സ്‌മരണ പുതുക്കുന്നതിനു വേണ്ടി ഡിസംബർ 14നു നടക്കുന്ന മറഡോണ കപ്പിനുള്ള ബാഴ്‌സലോണ ടീമിൽ ഡാനി ആൽവസും ഇടം പിടിച്ചിട്ടുണ്ട്.

ബ്രസീലിയൻ ക്ലബായ സാവോ പോളോയുമായുള്ള കരാർ അവസാനിപ്പിച്ച് ഫ്രീ ഏജന്റായി നിന്നിരുന്ന ഡാനി ആൽവസിനെ സാവി പരിശീലകനായി എത്തിയതിനു പിന്നാലെയാണ് ബാഴ്‌സലോണ ടീമിലെത്തിച്ചത്. ട്രാൻസ്‌ഫർ വൈകിയതിനാൽ ജനുവരിയിൽ മാത്രമേ ടീമിനൊപ്പം ചേരാനാവൂ എന്നിരിക്കെയാണ് മറഡോണ കപ്പിലൂടെ നേരത്തെ തന്നെ കളത്തിലിറങ്ങാൻ ഡാനിക്ക് അവസരം ഒരുങ്ങിയിരിക്കുന്നത്.

മറഡോണ മുൻപ് കളിച്ചിട്ടുള്ള അർജന്റീനിയൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സുമായാണ് ബാഴ്‌സലോണ മറഡോണ കപ്പ് കളിക്കാൻ തയ്യാറെടുക്കുന്നത്. സൗദി അറേബ്യയിലെ കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം ഡിസംബർ 14നു രാത്രി 10.30നാണു മറഡോണ കപ്പിന്റെ കിക്കോഫ്.

ഫുട്ബോൾ കളത്തിൽ അതിമാനുഷികമായ ഒരു ചരിത്രം സൃഷ്‌ടിച്ച മറഡോണയെന്ന ഇതിഹാസത്തിനുള്ള സ്‌മരണ എന്നതിനൊപ്പം ഡാനി ആൽവസിന്റെ തിരിച്ചുവരവും മത്സരത്തെ ആവേശകരമാക്കുന്നുണ്ട്. ബാഴ്‌സലോണയിലേക്കുള്ള രണ്ടാം വരവിൽ തനിക്ക് ടീമിനെന്തു നൽകാൻ കഴിയുമെന്നു തെളിയിക്കാൻ താരത്തിനുള്ള അവസരം കൂടിയാണ് ഈ പോരാട്ടം.

അതേസമയം പരിക്കു മൂലം നിരവധി താരങ്ങൾ ബാഴ്‌സലോണ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അൻസു ഫാറ്റി, പെഡ്രി ഗോൺസാലസ്, സെർജി റോബർട്ടോ, മെംഫിസ് ഡീപേയ്, ജോർദി ആൽബ, സെർജിയോ അഗ്യൂറോ, മാർട്ടിൻ ബ്രൈത്ത്വൈറ്റ് എന്നീ താരങ്ങളൊന്നും ടീമിൽ ഇടം നേടിയിട്ടില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit