Football in Malayalam

ഡാനി ആൽവസിനു വിലക്ക്, ഡെർബിയുൾപ്പെടെ രണ്ടു സുപ്രധാന മത്സരങ്ങൾ നഷ്‌ടമാകും

Sreejith N
FBL-ESP-LIGA-BARCELONA-ATLETICO MADRID
FBL-ESP-LIGA-BARCELONA-ATLETICO MADRID / LLUIS GENE/GettyImages
facebooktwitterreddit

അത്ലറ്റികോ മാഡ്രിഡിനെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചു പുറത്തായ ബ്രസീലിയൻ റൈറ്റ് ബാക്കായ ഡാനി ആൽവസിനു രണ്ടു മത്സരങ്ങളിൽ വിലക്ക്. മത്സരത്തിനിടെ അത്ലറ്റികോ മാഡ്രിഡിന്റെ ബെൽജിയൻ താരമായ യാനിക്ക് കരാസ്‌കോയുടെ കാലിൽ പുറകിൽ നിന്നും ചവുട്ടിയതിനെ തുടർന്നാണ് ഡാനി ആൽവസിനു ചുവപ്പുകാർഡ് നേടിയതും ഇപ്പോൾ വിലക്കു ലഭിച്ചതും.

മത്സരത്തിന്റെ അറുപത്തിയെട്ടാം മിനുട്ടിൽ ബാഴ്‌സലോണ രണ്ടിനെതിരെ നാലു ഗോളുകൾക്ക് മുന്നിൽ നിൽക്കുമ്പോഴാണ് ഡാനി ആൽവസ് കരാസ്‌കോയുടെ മുന്നേറ്റം തടുക്കാനുള്ള ശ്രമത്തിനിടെ താരത്തെ പുറകിൽ നിന്നും ചവുട്ടിയത്. തുടർന്ന് റഫറി വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷം ഡാനിക്ക് ചുവപ്പുകാർഡ് നൽകുകയായിരുന്നു. ഡാനിയുടെ അഭാവത്തിലും മത്സരം അതെ സ്കോറിന് ബാഴ്‌സലോണ ജയിക്കുകയുണ്ടായി.

ചുവപ്പു കാർഡ് ലഭിച്ച ഫൗളിന്റെ പേരിൽ ഡാനി ആൽവസിനു രണ്ടു മത്സരങ്ങളിൽ വിലക്കു ലഭിച്ചതോടെ ഇനി ഫെബ്രുവരി 27നു രാത്രി അത്‌ലറ്റിക് ക്ലബിനെതിരെ നടക്കുന്ന ലീഗ് മത്സരത്തിലേ താരത്തിനു കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയുകയുള്ളൂ. ഇതിനിടയിൽ ലീഗിൽ നടക്കുന്ന എസ്പാന്യോളിനെതിരായ കാറ്റലൻ ഡെർബിയും വലൻസിയയുമായുള്ള മത്സരവും താരത്തിന് നഷ്‌ടമാകും. രണ്ടും എവേ മത്സരങ്ങളാണെന്നത് ബാഴ്‌സക്കു തിരിച്ചടിയാണ്.

ഇക്കാലയളവിൽ നാപ്പോളിക്കെതിരെ ബാഴ്‌സലോണ യൂറോപ്പ ലീഗ് പ്ലേ ഓഫിലെ രണ്ടു മത്സരങ്ങൾ കളിക്കുന്നുണ്ടെങ്കിലും യൂറോപ്പ ലീഗ് സ്‌ക്വാഡിൽ ഡാനി ആൽവസിന്റെ പേരു രജിസ്റ്റർ ചെയ്യാത്തതിനാൽ താരത്തിന് ആ മത്സരങ്ങളിലും കളിക്കാൻ കഴിയില്ല. ജനുവരി ജാലകത്തിൽ എത്തിയ മൂന്നു താരങ്ങളെ മാത്രമേ യൂറോപ്പ ലീഗ് സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ കഴിയൂ എന്നിരിക്കെ ഫെറൻ ടോറസ്, അഡമ ട്രയോറെ, ഒബാമയാങ് എന്നിവരെയാണ് ബാഴ്‌സലോണ രജിസ്റ്റർ ചെയ്‌തത്‌.

ഈ സീസണിനിടെ ബാഴ്‌സലോണ ടീമിലേക്ക് തിരിച്ചെത്തിയ ഡാനി അൽവസ് മുപ്പത്തിയെട്ടാം വയസിലും ഏറ്റവും മികച്ച പ്രകടനമാണ് ടീമിനായി നടത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ താരം ഇല്ലാതെയാണ് ഇനി നാലു മത്സരങ്ങൾ കളിക്കേണ്ടതെന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് ആശങ്ക തന്നെയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit